vande

ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യ-ചൈന സംഘർഷത്തെ തുടർന്ന് രാജ്യത്ത് ജനങ്ങൾ ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കുകയും ചൈനീസ് ആപ്പുകളെ സർക്കാർ നിരോധിക്കുകയും ചെയ്‌തു. ദേശീയ പാതകളിലും മറ്റ് അടിസ്ഥാന സൗകര്യ വികസന രംഗത്തുമുള‌ള ചൈനീസ് പങ്കാളിത്തം സർക്കാർ കുറച്ച് വന്നുതുടങ്ങി.

എന്നാൽ റെയിൽവേയുടെ അഭിമാനമായ വന്ദേ ഭാരത് അതിവേഗ പദ്ധതിയിൽ മുന്നോട്ട് വന്നിരിക്കുന്ന ആറ് കമ്പനികളിലൊന്ന് ചൈനീസ് പങ്കാളിത്തമുള‌ളതാണെന്ന വാർത്തയാണ് പുതുതായി അറിയുന്നത്. റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവും ഈ വാർത്ത സ്ഥിരീകരിച്ചു.

സി.ആർ.ആർ.സി പയനിയർ ഇലക്‌ട്രിക് (ഇന്ത്യ) പ്രൈവ‌റ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് ചൈനീസ് പങ്കാളിത്തമുള‌ളത്. വന്ദേ ഭാരത് പദ്ധതി പ്രകാരം 44 വന്ദേ ഭാരത് ട്രെയിനുകളിൽ എഞ്ചിനെ മുന്നോട്ട് നയിക്കുന്ന പ്രൊപൽഷൻ സിസ്‌റ്റം നിർമ്മാണത്തിനാണ് ആറ് കമ്പനികൾ ടെൻഡർ സമർപ്പിച്ചിരിക്കുന്നത്. ചൈനീസ് കമ്പനിയായ സിആർആർസി കോർപറേഷനുമായി യോജിച്ച് ഗുരുഗ്രാമിൽ പ്രവർത്തിക്കുന്ന കമ്പനിയാണിത്. ഭെൽ (ഭാരത് ഹെവി ഇലക്‌ട്രിക്കൽസ്) ഉൾപ്പടെ അഞ്ച് ഇന്ത്യൻ കമ്പനികളാണ് മറ്റുള‌ളവ. ഏതാണ്ട് 1500 കോടി രൂപയാണ് ടെൻഡർ തുക.

മുൻപ് ഗാൽവൻ അക്രമ പശ്ചാത്തലത്തിൽ കാൺപൂർ-ദീൻദയാൽ ഉപാദ്ധ്യായ് സെക്‌ഷനിലെ 417 കിലോമീറ്റർ ദൂരം സിഗ്നലിംഗിനുള‌ള ജോലി ചെയ്തിരുന്ന ചൈനീസ് കമ്പനിയെ റെയിൽവേ പുറത്താക്കിയിരുന്നു.