മുംബയ്: ഉത്പാദനം,തൊഴിൽ,ക്ഷേമം എന്നിവയ്ക്ക് അഭൂതപൂർവമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച കൊവിഡ് കഴിഞ്ഞ നൂറ് വർഷത്തിനിടയിലെ ഏറ്റവും മോശം ആരോഗ്യ-സാമ്പത്തിക പ്രതിസന്ധിയാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഗുപ്‌ത.ലോകമെമ്പാടുമുള്ള തൊഴിൽ,മൂലധന ചലനങ്ങൾ എന്നിവയെ മഹാമാരി വളച്ചൊടിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വീഡിയോ കോൺഫറൻസിംഗിലൂടെ ഏഴാമത്തെ എസ്.ബി.ഐ ബാങ്കിംഗ്, ഇക്കണോമിക്സ് കോൺക്ലേവിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ കരുത്തിന്‍റെയും പ്രതിരോധത്തിന്‍റെയും ഏറ്റവും വലിയ പരീക്ഷണമാണ് കൊവിഡ്. സമ്പദ് വ്യവസ്ഥ സാവധാനം പൂർവസ്ഥിതിയിലാകുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതാണ് ഈ മാറ്റത്തിന് കാരണം. സമ്പദ്‌വ്യവസ്ഥ പുനസ്ഥാപിക്കാനുള്ള നടപടികൾ റിസർവ് ബാങ്ക് കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വളർച്ചയുടെ മാന്ദ്യം പരിഹരിക്കാനാണ് റിവേഴ്സ് റിപ്പോ നിരക്കുകൾ കുറച്ചത്. ആറംഗ ധനകാര്യ നയ സമിതി റിപ്പോ നിരക്ക് 115 ബേസിസ് പോയിന്‍റ് കുറയ്ക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. അതിനാൽ 2019 ഫെബ്രുവരി മുതൽ ആർ.ബി.ഐ ഏറ്റെടുത്ത മൊത്തം നിരക്ക് കുറയ്ക്കൽ 250 ബേസിസ് പോയിന്‍റുകളാണെന്നും റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു.
ജൂലായ് മൂന്നിന് അവസാനിച്ച ആഴ്ചയിൽ 5.73 ബില്യൺ രൂപ (76.16 മില്യൺ ഡോളർ) റിസർവ് ബാങ്കിന് കുടിശികയുള്ള വായ്പയുണ്ടെന്ന് റിസർവ് ബാങ്ക് റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇത്. കഴിഞ്ഞ ആഴ്ച കേന്ദ്ര സർക്കാരിന് കുടിശികയുള്ള വായ്പകളില്ലെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തിരുന്നു. ജൂലായ് മൂന്നിന് അവസാനിച്ച ആഴ്ചയിൽ സംസ്ഥാന സർക്കാരുകൾക്ക് 70.04 ബില്യൺ രൂപ വായ്പ ലഭിച്ചു. കഴിഞ്ഞ ആഴ്ച ഇത് 34.16 ബില്യൺ രൂപയായിരുന്നു.