ദലൈലാമയ്ക്ക് 85
ടിബറ്റിന്റെ ആത്മീയ ഗുരു ദലൈലാമയുടെ 85 –ാം പിറന്നാൾ ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു .ടിബറ്റൻ പ്രവാസ ഭരണകൂടത്തിന്റെ ഇന്ത്യയിലെ ആസ്ഥാനമായ ധർമശാലയിലായിരുന്നു ജന്മദിനാഘോഷം നടന്നത്.
ചൈനയുമായുള്ള സംഘർഷത്തിൽ ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടമായതിൽ ലാമ അനുശോചനം അറിയിച്ചു.
കേന്ദ്ര മന്ത്രി കിരൺ റിജിജു ലാമയ്ക്ക് ആശംസ നേർന്നു. ജന്മദിന ആഘോഷത്തിന്റെ ഭാഗമായി മന്ത്രങ്ങളും പ്രബോധനങ്ങളും അടങ്ങുന്ന സംഗീത ആൽബം പുറത്തിറക്കി.അതേസമയം ഇന്ത്യ- ചൈന അതിർത്തി തർക്കം തുടരുന്നതിനിടെ ലാമയ്ക്ക് ഭാരതരത്ന നൽകണമെന്ന ആവശ്യം കേന്ദ്ര സർക്കാർ പരിഗണിക്കുന്നതായാണ് അറിയുന്നത്.ദലൈലാമയ്ക്ക് ഭാരതരത്ന നൽകുന്നത് ചൈനയുടെ പ്രതിഷേധത്തിന് കാരണമാകും.
ജൂൻ കാസ്റ്റെക്‌സ് ഫ്രഞ്ച് പ്രധാനമന്ത്രി
ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി ജൂൻ കാസ്റ്റെക്സിനെ കഴിഞ്ഞയാഴ്ച പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നിയമിച്ചു. പ്രധാനമന്ത്രിയായിരുന്ന എഡ്വാർഡ് ഫിലിപ്പ് രാജി സമർപ്പിച്ചതിനെത്തുടർന്നാണ് നിയമനം. പ്രാദേശിക തിരഞ്ഞെടുപ്പിൽ മക്രോണിന്റെ എൻ മാർഷ് പാർട്ടിക്ക് രാജ്യത്തിലെ പ്രമുഖ നഗരങ്ങളിലുണ്ടായ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് രാജി.പൊതുപ്രവർത്തകനായ കാസ്റ്റെൽ ഒട്ടേറെ സർക്കാരുകളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്.
ഹഗിയ സോഫിയ ഇനി
മുസ്ലിം ആരാധനാലയം
തുർക്കിയിലെ പ്രശസ്തമായ ഹഗിയ സോഫിയ ഇനി മുസ്ലിം ആരാധനാലയമാണെന്ന് പ്രസിഡന്റ് തയ്യിപ് എർദോഗൻ പ്രഖ്യാപിച്ചു.
ഹഗിയ സോഫിയയുടെ മ്യൂസിയം പദവി കോടതി റദ്ദാക്കിയതിനു പിന്നാലെയാണ് എർദോഗന്റെ പ്രഖ്യാപനം.
മുസ്ലിം ആരാധനാലയമാക്കി മാറ്റിയതിനു ശേഷമുള്ള ആദ്യ പ്രാർത്ഥന ജൂലായ് 24ന് നടക്കുമെന്നും എർദോഗൻ അറിയിച്ചു. പ്രദേശവാസികൾക്കും വിദേശികൾക്കും ഹഗിയ സോഫിയയിൽ പ്രവേശനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ആറാംനൂറ്റാണ്ടിൽ നിർമിച്ച ഹഗിയ സോഫിയ യഥാർത്ഥത്തില്‍ ക്രിസ്ത്യൻ ദേവാലയമായിരുന്നു. തുടർന്ന് 1453ൽ ഓട്ടോമൻ സാമ്രാജ്യത്തിന്റെ വരവോടെ മുസ്ലിം ആരാധനാലയമാക്കി മാറ്റി. 1934 ൽ ഹഗിയ സോഫിയയെ മ്യൂസിയമായി പ്രഖ്യാപിച്ചു. നിലവിൽ യു.എന്നിന്റെ പൈതൃക പട്ടികയിൽ ഹാഗിയ സോഫിയ ഉൾപ്പെട്ടിട്ടുണ്ട്.ജസ്റ്റീനിയൻ ചക്രവർത്തി നിർമ്മിച്ച പള്ളിയുടെ താഴികക്കുടവും മറ്റും ശിൽപവിദ്യയുടെ മികവുറ്റ മാതൃകയാണ്.
ടൊറന്റോയ്ക്ക് പുതിയ അംബാസഡർ
പ്രിയങ്കാ ചോപ്ര ഈ വർഷത്തെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ അംബാസഡർമാരിലൊരാളാകും. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപും അംബാസഡർമാരിലൊരാളാണ്. ലോക സിനിമയിലെ നിരവധി പ്രമുഖരാണ് ടൊറന്റോ ചലച്ചിത്രോത്സവത്തിന്റെ അംബാസഡർമാർ. സെപ്തംബർ 10 മുതൽ 20 വരെയാണ് ടൊറന്റോ ചലച്ചിത്രോത്സവം. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക.
ഡബ്ല്യു. എച്ച്. ഒ വിട്ട് അമേരിക്ക
ലോകാരോഗ്യ സംഘടനയിലെ അംഗത്വത്തിൽ നിന്ന് പിന്മാറുകയാണെന്ന അമേരിക്കയുടെ പ്രഖ്യാപനംവന്നത് ജൂലായ് ആറിനാണ്. പിന്മാറ്റം ഔദ്യോഗികമായി ഉറപ്പിച്ച് ട്രംപ് ഭരണകൂടം ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസിന് കത്തു നൽകി. അടുത്ത വർഷം ജൂലായ് ആറോടു കൂടി പിന്മാറ്റ നടപടികൾ പൂർത്തിയാകും. കഴിഞ്ഞ ഏപ്രിലിലാണ് ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക സാമ്പത്തിക സഹായം നൽകുന്നത് നിറുത്തിവച്ചത്. യു. എസിൽ ഓരോ ദിവസവും പതിനായിരക്കണക്കിന് പുതിയ കൊറോണ രോഗികളാണ് റിപ്പോർട്ട് ചെയ്യുന്നത്. അതിനിടെയാണ് അമേരിക്കയുടെ പിന്മാറ്റമെന്നതും ശ്രദ്ധേയമാണ്
സല്യൂട്ട് യൂ സുപ്രിയ
കാഴ്ചയില്ലാത്ത വ്യദ്ധനെ, പാഞ്ഞുവരുന്ന വാഹനങ്ങൾക്കിടയിൽ നിന്ന് കൈപിടിച്ച് ബസിലേറ്റിയ സെയിൽസ് ഗേൾ സുപ്രിയയായിരുന്നു കഴിഞ്ഞയാഴ്ച സോഷ്യൽ മീഡിയയിലെ താരം. തിരുവല്ലയിലാണ് സംഭവം . കുരിശു കവലയിൽ റോഡിൽ സഹായിക്കാനാരുമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു കാഴ്ചയില്ലാത്ത ഒരു വൃദ്ധൻ. ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിൽ നിസഹായനായി നിന്ന വൃദ്ധന് മുന്നിൽ സഹായവുമായി എത്തികയായിരുന്നു തിരുവല്ലയിലെ ജോളി സിൽക്ക്സിൽ ജീവനക്കാരിയായ സുപ്രിയ.
ബസിനടുത്തേക്ക് യുവതി ഓടുന്നതുമുതലുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ദൃശ്യം മൊബൈലിൽ പകർത്തിയ കുരിശുകവല ആറ്റിൻകര ഇലക്‌ട്രോണിക്സിലെ സെയിൽസ്‌മാൻ ജോഷ്വാ അത്തിമൂട്ടിൽ, കൂട്ടുകാർക്ക് ഷെയർ ചെയ്തതോടെയാണ് പുറംലോകമറിഞ്ഞത്.