സ്നേഹം കൊണ്ട് ചരിത്രം സൃഷ്ടിച്ച രണ്ടു പേരുണ്ട് ആലപ്പുഴയിൽ. കെ.എസ്.ആർ.ടി.സി ദമ്പതികളായ ഗിരി ഗോപിനാഥും താരാ ദാമോദരനും. ഹരിപ്പാട് ഡിപ്പോയിലെ ഈ ഡ്രൈവറുടെയും കണ്ടക്ടറുടെയും ജീവിതം വെറും പ്രണയകഥയല്ല. റൊമാൻസും ത്രില്ലറും ട്രാജഡിയും കോമഡിയുമൊക്കെ പാകത്തിന് ചേർന്ന് സിനിമാക്കഥകളെയും വെല്ലും. ഒത്തു ചേരാൻ കാത്തിരുന്നത് ചെറിയ കാലയളവല്ല, നീണ്ട ഇരുപത് വർഷങ്ങളാണ്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ലോക്ക് ഡൗൺ കാലത്ത് ഗിരിയുടെയും താരയുടെയും ജീവിതത്തിലെ ഡബിൾ ബെൽ മുഴങ്ങി.
ഫ്ലാഷ് ബാക്ക് ഇങ്ങനെ
കഥ ആരംഭിക്കുന്നത് 2000ത്തിലാണ്. സി.എ പഠനം പൂർത്തിയാക്കി മുതുകുളം സ്വദേശിനി താരാ ഗോപിനാഥ് ആഡിറ്റിംഗ് പരിശീലനം നടത്തുന്ന കാലം. പരിശീലനത്തിന്റെ ഭാഗമായി വേലഞ്ചിറയിലെ വ്യവസായ ശാലയിൽ ഏതാനും മാസങ്ങൾ ജോലി ചെയ്യുന്നു. അമ്മാവന്റെ കമ്പനിയിൽ സഹായത്തിനെത്തിയിരുന്ന ഗിരിക്ക് താരയോട് അടുപ്പം തോന്നാൻ അധിക ദിവസം വേണ്ടി വന്നില്ല. ഇഷ്ടം നേരിട്ട് തുറന്ന് പറഞ്ഞു. വീട്ടിൽ വന്ന് ആലോചിച്ചുകൊള്ളാൻ താരയുടെ മറുപടിയും കിട്ടി. കല്യാണാലോചനയുടെ ഭാഗമായി ജാതകങ്ങൾ പരിശോധിച്ചതോടെ തടസങ്ങളുടെ ഘോഷയാത്രയ്ക്ക് തുടക്കമാവുകയായിരുന്നു. ഇവർ വിവാഹിതരായാൽ ആയുസിന് തന്നെ ആപത്തെന്ന് ജ്യോത്സ്യൻമാർ വിധിയെഴുതി. ഇതോടെ ആലോചനയിൽ നിന്ന് ഇരു കുടംബങ്ങളും രണ്ട് വഴിക്ക് പരിഞ്ഞു. പക്ഷേ പിരിയാൻ ഗിരിയും താരയും ഒരുക്കമായിരുന്നില്ല. പ്രണയം ശക്തമായതോടെ താരയ്ക്ക് ജോലി നഷ്ടമായി. അമ്മാവന്റെ ബിസിനസുകളോട് വിടപറഞ്ഞ് ഗിരിയും പടിയിറങ്ങി. ഒരു ജോലി എന്നതായി ലക്ഷ്യം. അങ്ങനെ പരിശ്രമങ്ങൾക്കൊടുവിൽ 2007ൽ ഡ്രൈവറായി ഗിരി കെ.എസ്.ആർ.ടി.സിക്കൊപ്പം ചേർന്നു.
ലക്ഷ്യം ആനവണ്ടി
ഇരു വീടുകളിലും കല്യാണാലോചനകളുടെ ബഹളം. എങ്ങനെയും ഗിരിക്കൊപ്പം എത്തുക എന്നത് മാത്രമായി താരയുടെ ജീവിത ലക്ഷ്യം. വിവിധ പരീക്ഷകൾക്കും ടെസ്റ്റുകൾക്കും ഗിരി നിർബന്ധിച്ചപ്പോഴൊക്കെയും കെ.എസ്.ആർ.ടി.സിയിൽ ഗിരിക്കൊപ്പം എത്തണമെന്ന വാശിയിൽ താര ഉറച്ചു നിന്നു. പിന്നീടങ്ങോട്ട് തീവ്രപരിശ്രമങ്ങളുടെ നാളുകളായിരുന്നു. അങ്ങനെ 2010 ലെ പി.എസ്.സി കണ്ടക്ടർ ബാച്ചിൽ മുതുകുളം താരാനിലയത്തിൽ താരാഗോപിനാഥും പ്രവേശനം നേടി. പരിശീലനവും, ആദ്യ ഡ്യൂട്ടിയും ഗിരിക്കൊപ്പമായിരുന്നു എന്നതാണ് കൗതുകം. കഴിഞ്ഞ പത്തു വർഷത്തിനിടെ ഭൂരിഭാഗം ഷെഡ്യൂളുകളിലും ഇരുവരും ഒരുമിച്ചായിരുന്നു. സീനിയോറിറ്റി വച്ച് ഷെഡ്യൂളിൽ താരയെ ഒപ്പം കൂട്ടാനുള്ള അവസരവും ഗിരിക്ക് ലഭിക്കാറുണ്ട്. ഹരിപ്പാട്- കരുനാഗപ്പള്ളി, ഹരിപ്പാട് - ആലപ്പുഴ ഓർഡിനറി സർവീസാണ് ഇരുവരുടെയും സ്ഥിരം റൂട്ട്. ഇടക്കാലത്ത് ഫാസ്റ്റ് പാസഞ്ചറിൽ കോട്ടയം കൊല്ലം ഷെഡ്യൂളുകൾ വന്നപ്പോഴും ഡ്യൂട്ടിക്ക് നറുക്ക് വീണത് ഇരുവർക്കും ഒരുമിച്ചായിരുന്നു.
പോരാട്ടത്തിന്റെ നാളുകൾ
ജോലി ലഭിച്ചതോടെ ഗിരി താരയെ ജീവിതത്തിലേക്ക് ക്ഷണിച്ചെങ്കിലും അന്നത്തെ സാഹചര്യത്തിൽ കുടംബത്തെ വിട്ടുപോരാൻ താരയ്ക്ക് ആകുമായിരുന്നില്ല. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഒരിക്കൽ മറ്റൊരു പെണ്ണുകാണലിന് പോയെങ്കിലും അത് ആദ്യത്തേതും അവസാനത്തേതും ആയിരുന്നെന്ന് ഗിരി പറയുന്നു. 20 വർഷത്തിനിടെ താരയ്ക്ക് വരുന്ന വിവാഹാലോചനകൾ മുടക്കുക എന്ന വലിയ 'ഉത്തരവാദിത്ത" വും ഗിരിക്കുണ്ടായിരുന്നു. വരന്റെ വീട്ടിലെത്തി കാര്യം അവതരിപ്പിക്കും. അതോടെ ആലോചന മുടങ്ങും! അനുജത്തിയുടെ വിവാഹം കഴിഞ്ഞതോടെ താരയ്ക്കു മേൽ വിവാഹ സമ്മർദ്ദമേറിയെങ്കിലും നിലപാടിൽ ചാഞ്ചാട്ടമുണ്ടായില്ല. ''സ്നേഹിച്ചയാളെ തന്നെ വിവാഹം കഴിക്കണമെന്ന ആഗ്രഹമായിരുന്നു. മറ്റൊരാളെ ചിന്തിക്കാനാകുമായിരുന്നില്ല. ഒരുപാട് സഹിച്ചു. പോരാടി നിന്നു""- താരയുടെ വാക്കുകളിലും കണ്ണുകളിലും പ്രണയംനിറയുന്നു.
ഗിരിയുടെ അച്ഛൻ ഗോപിനാഥൻ ആരോഗ്യപ്രശ്നങ്ങൾ മൂലം കിടപ്പിലായതോടെ വിവാഹമെന്ന സ്വപ്നം നീട്ടിവെച്ചു. അങ്ങനെ കടന്നുപോയത് നീണ്ട ഇരുപത് വർഷങ്ങളാണ്. ജാതകമടക്കമുള്ള കാര്യങ്ങളിൽ ഏറ്റവും വിശ്വാസമുണ്ടായിരുന്നത് അച്ഛനായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളെ ധിക്കരിക്കാതെ ജീവിതം മുന്നോട്ട് പോയി. ഏറെ നാൾ രോഗബാധിതനായിരുന്ന അദ്ദേഹം കഴിഞ്ഞ ഓഗസ്റ്റിലാണ് മരിക്കുന്നത്. അച്ഛന്റെ വേർപാടിന് ശേഷം പലരും വിവാഹക്കാര്യം വീണ്ടും ചർച്ചയിലെടുത്തിട്ടു. എന്നിട്ടും പല കോണിൽ നിന്നും എതിർ സ്വരങ്ങൾ പൊങ്ങി. ആറ് മാസത്തിന് ശേഷം വിവാഹത്തെക്കുറിച്ച് ചിന്തിക്കാമെന്ന് ഗിരി മനസിൽ കണക്കുകൂട്ടി.
ഞെട്ടിച്ച ക്ലൈമാക്സ്
ആറ് മാസങ്ങൾ കണ്ണടച്ച് തുറന്ന വേഗത്തിൽ കടന്നു പോയി. ഇത്തവണ ആര് സമ്മതിച്ചാലും ഇല്ലെങ്കിലും കല്യാണമെന്ന് ഉറപ്പിച്ചു. അങ്ങനെയിരിക്കെയാണ് ഇടിത്തീ പോലെ അടുത്ത വില്ലന്റെ കടന്നുവരവ്. കേട്ടുപരിചയം പോലുമില്ലാത്ത കൊവിഡ് 19ഉം ലോക്ക് ഡൗണും പൂട്ടിട്ടത്തോടെ ഇരുവർക്കും തമ്മിൽ കാണാനുള്ള അവസരവും നഷ്ടമായി. ആശ്രയം ഫോൺവിളി മാത്രം. കുടുംബത്തിന്റെ സമ്മതമടക്കമുള്ള നൂലാമാലകൾ മറുവശത്ത്. ഇതോടെ ഗിരി ഉറച്ച തീരുമാനമെടുത്തു. ലോക്ക് ഡൗൺ കാലം തന്നെ പറ്റിയ സമയം. ആരെയും അറിയിക്കാതെ വിവാഹിതരാവാം. താരയ്ക്കും സമ്മതം. അടുത്ത സുഹൃത്തും പൊലീസ് ഉദ്യോഗസ്ഥനുമായ അനിലിനോടും ഭാര്യ മഞ്ജുവിനോടും മാത്രം കാര്യങ്ങൾ അവതരിപ്പിച്ചു. റിട്ടയേർഡ് അദ്ധ്യാപികയായ അമ്മ രമാദേവിയോട് മനസാൽ അനുഗ്രഹം വാങ്ങി ഏപ്രിൽ 5ന് പുലർച്ചെ 5.30ന് ഗിരി വീട്ടിൽ നിന്ന് പുറപ്പെട്ടു. എന്നാൽ അച്ഛനമ്മമാരുടെ അനുഗ്രഹം വാങ്ങാതെ ഇറങ്ങാൻ താരയുടെ മനസ് അനുവദിച്ചില്ല. വിവാഹക്കാര്യം തുറന്നു പറഞ്ഞു. മകൾ സുമംഗലിയായി കാണാൻ അതിയായി ആഗ്രഹിച്ചിരുന്ന അച്ഛൻ ദാമോദരനും അമ്മ ആനന്ദവല്ലിയും നിറഞ്ഞ മനസോടെ മകളെ യാത്രയാക്കി. ഓച്ചിറയ്ക്ക് ശേഷം കല്ലേശേരി ക്ഷേത്രത്തിലായിരുന്നു വിവാഹം. ജാതകമടക്കമുള്ള വിശ്വാസങ്ങൾ മനസിലേൽപ്പിച്ച മുറിവ് മൂലം താലി ചാർത്തൽ വേണ്ടെന്നായിരുന്നു ഗിരിയുടെ തീരുമാനം. ക്ഷേത്ര നടയിൽ പരസ്പരം തുളസി മാല ചാർത്തി. താലി ചാർത്തണമെന്ന് സുഹൃത്ത് അനിൽ ഏറെ നിർബന്ധിച്ചെങ്കിലും ഗിരി പിടികൊടുത്തില്ല. ഒടുവിൽ അനിലിന്റെ ഭാര്യ മഞ്ജുവാണ് സഹോദരിയുടെ സ്ഥാനത്ത് നിന്ന് താരയുടെ കഴുത്തിൽ താലി ചാർത്തിയത്. നവദമ്പതികൾ വീട്ടിലെത്തിയപ്പോൾ ആശ്ചര്യത്തിനൊപ്പം അമ്മ രമാദേവിക്ക് അത് ആശ്വാസത്തിന്റെ കൂടി നിമിഷങ്ങളായിരുന്നു. അങ്ങനെ ഒരുമിച്ചുള്ള ബസ് യാത്ര ജീവിതയാത്രയായി പ്രെമോഷൻ നേടി.
ഫാൻസ് ക്ലബ്
ഗിരി മാത്രമല്ല, ഗിരിയുടെ ബസും അൽപം വ്യത്യസ്തമാണ്. ആരാധകരുടെ വകയായി ഫാൻസ് അസോസിയേഷനുകൾ വരെ രൂപീകരിച്ചിട്ടുണ്ട്. ഗിരിയുടെ ബസ് എത്ര ദൂരെ നിന്നു കണ്ടാലും യാത്രക്കാർക്ക് തിരിച്ചറിയാം. ബസിന് അകത്തും പുറത്തും മനോഹരമായ അലങ്കാരപ്പണികളാണ്. പാവക്കുട്ടികൾ മുതൽ പൂക്കളും, വർണപന്തുകളുമൊക്കെ യാത്രക്കാർക്ക് നൽകുന്ന സന്തോഷം ചെറുതല്ല. പുലർച്ചെ 3.30ന് ഡിപ്പോയിലെത്തുന്ന ഗിരി ബസിനെ അടിമുടി വൃത്തിയാക്കും. കൂടെ അലങ്കാരപ്പണികളും. സർവീസിൽ കയറിയ നാൾ മുതലുള്ള ശീലമാണ്. ഇത് മനസിന് സന്തോഷം നൽകുന്നതായി ഗിരി പറയുന്നു. കൊവിഡ് കാലത്തും ഇരുവരും ഒരുമിച്ച് തന്നെ ഡ്യൂട്ടിയിലുണ്ട്. ജീവിതത്തിന്റെ വളയം ഗിരിയുടെ കൈയിലാണെങ്കിൽ, ടിക്കറ്റ് റാക്ക് താരയുടെ കൈകളിലാണ്.ഇപ്പോഴും തങ്ങളുടെ പ്രണയയാത്ര തീർന്നിട്ടില്ലെന്ന് ഇരുവരും ഒരേസ്വരത്തിൽ പറയുന്നു.