തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ ആരോപണമുയരുകയാണ്. ഈ സാഹചര്യത്തിൽ സർക്കാരിനെതിരെ വിമർശനവമുായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. യോഗ്യതയെക്കാൾ അയോഗ്യതയും അപയോഗ്യതയും അലങ്കാരമായി കാണുന്ന ഒരു സർക്കാർ ജനങ്ങൾക്കു നാണക്കേടാണെന്ന് അദ്ദഹം വിമർശിക്കുന്നു.
യോഗ്യതകളുള്ളവർ പോലും ഹോട്ടലുകളിലും മറ്റും ഭക്ഷണമെത്തിച്ച് ജീവിക്കുമ്പോൾ ഇത്തരക്കാർ അധികാര സ്ഥാനത്തുള്ളവരുടെ ചുമലിൽ കയറിയിരിക്കുന്നതിന്റെ ഗുട്ടൻസ് എന്താകുമെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തിൽ എഴുതിയ ലേഖനത്തിൽ ചോദിക്കുന്നു. സർക്കാരിനു നേരിട്ടു നിയമനം നടത്താവുന്ന പലയിടത്തും നിയമിച്ചിരിക്കുന്നവരുടെ അടിസ്ഥാന യോഗ്യതകളറിയുമ്പോൾ കേരളത്തിൽ ജീവിക്കണോ ബഹിരാകാശത്തു ജീവിക്കണോ എന്ന് സംശയിച്ചുപോകുമെന്നും നടൻ ലേഖനത്തിൽ പറയുന്നു. സർക്കാർ രാജ്യാന്തര ബഹിരാകാശ കോൺക്ലേവ് സംഘടിപ്പിച്ചപ്പോൾ, പങ്കെടുത്ത മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും ഐ.എസ്.ആർ.ഒയിൽ ഉന്നത സ്ഥാനമലങ്കരിച്ച ശാസ്ത്രജ്ഞനുമായ എം.സി.ദത്തന് ഉപഹാരം നൽകാൻ നിയോഗിക്കപ്പെട്ടത് സ്വപ്ന സുരേഷിനെയായിരുന്നെന്നും, ഒരു ശാസ്ത്രജ്ഞനെ ഇതിൽപരം അപമാനിക്കാനുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.