മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊന്നാനി താലൂക്കില്‍ നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് പൊന്നാന്നി എം.എൽ.എ സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ അറിയിച്ചു.
പൊന്നാനിയിൽ സൂപ്പർ സ്പ്രെഡ് ഉണ്ടാകാതിരിക്കാനാണ് കടുത്ത നടപടികളെടുത്തത്. വിവിധ മേഖലകളിൽ ഉള്ളവർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പൂന്തുറ മോഡൽ വ്യാപനം ആവർത്തിക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും ശ്രീരാമകൃഷ്‌ണൻ പറഞ്ഞു.
പൊന്നാനി താലൂക്കില്‍ ഇന്നലെ മാത്രം 22 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. സ്ഥിതി ഗുരുതരമായതോടെ ഇവിടെ ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അതിനിടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ പൊന്നാനിയില്‍ സബ്ട്രഷറി പ്രവര്‍ത്തനവും നിര്‍ത്തിവച്ചിരുന്നു. തിരൂരങ്ങാടി നഗരസഭ ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരസഭ ഓഫീസും അടച്ചിരുന്നു.