സി.ബി.എസ്.ഇ. വിദ്യാർത്ഥികളുടെ നന്മ മാത്രം ലക്ഷ്യമാക്കി സദുദ്ദേശത്തോടെ സർക്കാർ സ്വീകരിക്കുന്ന നടപടികൾ കുപ്രചരണത്തിന്റെ ചേരുവകളായി മാറുകയാണ്. പ്രസിദ്ധി ആഗ്രഹിക്കുന്ന ഒരു വിഭാഗം ആളുകൾ സർക്കാരിന്റെ കാഴ്ചപ്പാടുകളും പ്രവർത്തനങ്ങളും തെറ്റായി വിശദീകരിക്കാനും അങ്ങനെ യുവപഠിതാക്കളിൽ ഭയവും ആശയക്കുഴപ്പവും വേദനയും സൃഷ്ടിക്കാനും ശ്രമിക്കുകയാണ്.

പഠനഫലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുപരി വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുകയെന്ന വെല്ലുവിളിയാണ് കോവിഡ് മഹാമാരി മന്ത്രാലയത്തിന് മുന്നിലുയർത്തിയ വെല്ലുവിളി. കുറവുകളില്ലാത്തതും സമ്മർദ്ദരഹിതവുമായ അന്തരീക്ഷം വിദ്യാർത്ഥികൾക്കായി സൃഷ്ടിക്കുക എന്നതും പ്രധാനമാണ്. അതിനുവേണ്ടി വിദ്യാർത്ഥി സമൂഹവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ മന്ത്രാലയം കഠിനമായി പരിശ്രമിക്കുന്നു. അവധിക്കാലത്ത് പോലും കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുക, ഇന്റേണൽ അസെസ്‌മെന്റ് അടിസ്ഥാനമാക്കി വിദ്യാർത്ഥികളെ ജയിപ്പിക്കുക, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് 'പവർ ഓഫ് ചോയ്സ് ' നൽകുക, ഇ - ലേണിംഗ് പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ മാനവവിഭവശേഷി വികസന മന്ത്രാലയത്തിലെ ടീം നടത്തിയ മുന്നേറ്റത്തിൽ ഞാൻ അഭിമാനിക്കുന്നു.

സമീപകാലത്ത് സി.ബി.എസ്.ഇ. സിലബസ് പരിഷ്‌കരിച്ചതുമായി ബന്ധപ്പെട്ട് സാമൂഹിക - രാഷ്ട്രീയ കാരണങ്ങളും സ്ഥാപിത താത്‌പര്യങ്ങളും മാത്രം മുൻനിറുത്തി ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കപ്പെടുന്നുണ്ട്. തെറ്റായ പ്രചാരണങ്ങളെ അവഗണിച്ചു കൊണ്ട് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭാവിതലമുറയ്ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. സിലബസ് യുക്തിസഹമായി പുനഃക്രമീകരിച്ചതിനെ വിമർശിക്കുന്ന ചില സ്ഥാപിത താത്പര്യക്കാർ പൊതുജനങ്ങൾക്ക് ലഭ്യമായ മാർഗനിർദ്ദേശങ്ങൾ വായിക്കാനോ മനസിലാക്കാനോ പോലും ശ്രമിക്കാതെയാണ് അതിന് മുതിരുന്നത്.

എന്തുകൊണ്ട് ഇത് ചെയ്തു

വിദ്യാർത്ഥികൾ, മാതാപിതാക്കൾ, അദ്ധ്യാപകർ എന്നിവരിൽ നിന്നുള്ള എണ്ണമറ്റ അഭ്യർത്ഥനകൾ പരിഗണിച്ച് സി.ബി.എസ്.ഇ. പാഠ്യപദ്ധതി പരിഷ്‌കരിക്കാനും ഒൻപത് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള പഠനഭാരം കുറയ്ക്കാനും തീരുമാനിച്ചു. 30 ശതമാനം സിലബസ് കുറച്ചുകൊണ്ട് പാഠ്യപദ്ധതിയുടെ യുക്തിസഹമായ പുനഃക്രമീകരണം പൂർത്തിയാക്കി. വ്യത്യസ്ത പഠനവിഷയങ്ങളുമായി ബന്ധമുള്ള ഒഴിവാക്കപ്പെട്ട പാഠഭാഗങ്ങൾ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു കൊടുക്കേണ്ടത് സ്‌കൂളുകളുടെയും അദ്ധ്യാപകരുടെയും ഉത്തരവാദിത്തമാണ്. മഹാമാരി മൂലം പഠനസമയം നഷ്ടമായതിനാൽ 2021 ലെ വാർഷിക പരീക്ഷയ്ക്കുള്ള പഠനഭാരം കുറയ്ക്കുകയെന്ന ഏക ഉദ്ദേശ്യമാണ് പുനഃക്രമീകരണത്തിനുള്ളത്. ഇന്റേണൽ അസെസ്‌മെന്റിലും വർഷാവസാന ബോർഡ് പരീക്ഷയ്ക്കും ഒഴിവാക്കിയ ഭാഗങ്ങളുണ്ടാകില്ല. എങ്കിലും എൻ.സി. ഇ.ആർ.ടി. യുടെ ഇതര അക്കാദമിക് കലണ്ടർ പിന്തുടരാൻ സി.ബി.എസ്.ഇ. സ്‌കൂളുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഈ കലണ്ടർ പൊതുജനങ്ങൾക്ക് ലഭ്യമാണ്. പ്രസിദ്ധി ആഗ്രഹിക്കുന്നവർ 'സെൻസേഷനലൈസ് ' ചെയ്തതുൾപ്പടെയുള്ള എല്ലാ വിഷയങ്ങളിലുമുള്ള മുഴുവൻ സിലബസും ഈ കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വീടുകളിൽ സാധാരണയായി ലഭ്യമായ സാധനങ്ങളുടെ സഹായത്തോടെ, അനുഭവാത്മക പഠനം അഥവാ ആക്‌ടിവിറ്റി അടിസ്ഥാനമാക്കിയുള്ള പഠനക്രമം ഈ കലണ്ടറിലുണ്ട്. കൊവിഡ് 19 മഹാമാരി കാരണം വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകളും സമ്മർദ്ദവും പരിഹരിക്കാനായുള്ള ഒറ്റത്തവണ നടപടി മാത്രമാണിത്.


പരിഷ്‌കരണം എങ്ങനെ?


വിമർശകർ കരുതും പോലെ സിലബസ് പരിഷ്‌കരണം യുക്തിരഹിതമായി നടപ്പാക്കിയതല്ല. വിദ്യാഭ്യാസ വിദഗ്ധരുടെ ഉപദേശങ്ങളും ശുപാർശകളും പരിശോധിച്ചും SyllabusForStudents2020 എന്ന ഹാഷ്ടാഗ് പ്രചാരണത്തിലൂടെ ലഭിച്ച നിർദ്ദേശങ്ങൾ പരിഗണിച്ചുമായിരുന്നു നടപടി. 1500 ലധികം വിദഗ്ദ്ധ നിർദ്ദേശങ്ങൾ ലഭിച്ചു. വിദ്യാഭ്യാസ വിദഗ്ധരുടെ നിർദ്ദേശങ്ങളും വൈദഗ്ധ്യവും പഠന നിലവാരത്തിൽ കുറവ് വരുത്താതെ 'യുക്തിസഹമായ പരിഷ്‌കരണം' നടപ്പാക്കാൻ സഹായിച്ചു. മാത്രമല്ല ദേശീയത, പ്രാദേശിക ഭരണകൂടം, ഫെഡറലിസം മുതലായ 34 വിഷയങ്ങൾ ഒഴിവാക്കുന്നതിലുള്ള എതിർപ്പ് തെറ്റായതും കഴമ്പില്ലാത്തതുമാണെന്നു തെളിയിക്കുന്ന വിധത്തിലാണ് പരിഷ്‌കരണം നടന്നിട്ടുള്ളത്. ചില ഉദാഹരണങ്ങൾ കൂടി ചൂണ്ടിക്കാട്ടാം. ഇക്കണോമിക്സിൽ മെഷേഴ്സ് ഓഫ് ഡിസ്‌പെർഷൻ, ബാലൻസ് ഓഫ് പേയ്‌മെന്റ് തുടങ്ങിയവ, ഫിസിക്സിൽ ഹീറ്റ് എൻജിൻ, റെഫ്രിജറേറ്റർ, ഹീറ്റ് ട്രാൻസ്‌ഫർ, കൺവെക്ഷൻ, റേഡിയേഷൻ തുടങ്ങിയവ, കണക്കിൽ പ്രോപ്പർട്ടീസ് ഓഫ് ഡിറ്റർമിനന്റ്സ്, കൺസിസ്റ്റൻസി, ഇൻകൺസിസ്റ്റൻസി, നമ്പർ ഓഫ് സൊല്യൂഷൻസ് ഓഫ് സിസ്റ്റം ഓഫ് ലീനിയർ ഇക്വഷൻസ്, ബൈനോമിയൽ പ്രോബബിലിറ്റി ഡിസ്ട്രിബ്യുഷൻ, ബയോളജിയിൽ മിനറൽ ന്യൂട്രിഷൻ, ഡൈജേഷൻ, അബ്‌സോർപ്ഷൻ തുടങ്ങിയവ ഒഴിവാക്കിയിട്ടുണ്ട്.

പക്ഷപാതപരമായ മനസിന് മാത്രം മനസിലാക്കാൻ കഴിയുന്ന ഏതോ മഹത്തായ രൂപകല്‌പനയിലൂടെയോ ദുരുദ്ദേശത്തോടെയോ ആണ് വിഷയങ്ങൾ ഒഴിവാക്കിയതെന്ന് വാദിക്കുന്നത് ശരിയല്ല.
വിദ്യാഭ്യാസം കേവലം അറിവിന്റെ പ്രക്ഷേപണമായി കാണാൻ കഴിയില്ല; ജീവിതത്തിൽ ദൈനംദിന വെല്ലുവിളികൾ നേരിടുന്ന പുതിയ സാഹചര്യങ്ങളിൽ വിമർശനാത്മകമായി ചിന്തിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കാനുള്ള നൂതന സംവിധാനമെന്ന നിലയിലും ഇതിനെ മനസിലാക്കേണ്ടതുണ്ട്.

യുവജീവിതങ്ങളെ ശാക്തീകരിക്കുന്ന സംവിധാനത്തെ രാഷ്ട്രീയ പ്രേരിതമായി പരിഹസിക്കുന്നതിന് പകരം വിദ്യാർത്ഥികളുടെ വികാസവും ശാക്തീകരണവും ആയിരിക്കണം ചർച്ചയാകേണ്ടത്. ക്രിയാത്മകമായ ചർച്ചകളും പ്രവർത്തനങ്ങളും നടത്തി ഇന്ത്യയെ ഒരു വിജ്ഞാന കേന്ദ്രമാക്കി മാറ്റാനും, മുന്നേറാനും ഞാൻ എല്ലാവരോടും താഴ്മയായി അഭ്യർത്ഥിക്കുന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനായുള്ള ശ്രമങ്ങളിൽ നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം.