കൊച്ചി: സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. എറണാകുളം പുല്ലുവഴി സ്വദേശി ബാലകൃഷ്ണൻ നായർക്കാണ് കൊവിഡ് ബാധിച്ചിരുന്നുവെന്ന് കണ്ടെത്തിയത്. 79 വയസായിരുന്നു. ശ്വാസതടസത്തെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സായിലായിരുന്ന ബാലകൃഷ്ണൻ ഇന്നലെയാണ് മരിച്ചത്. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് മരണം സ്ഥിരീകരിച്ചതോടെ രായമംഗലം പഞ്ചായത്തിൽ അടിയന്തര യോഗം ചേര്‍ന്നു. ആരോഗ്യവകുപ്പ് സമ്പർക്ക പട്ടിക തയ്യാറാക്കുകയാണ്. ബാലകൃഷ്ണൻ ആദ്യം ചികിത്സ തേടിയ വളയന്‍ചിറങ്ങരയിലെ സ്വകാര്യ ക്ലിനിക് താത്ക്കാലികമായി അടച്ചു. വിപുലമായ സമ്പർക്ക പട്ടികയാണ് ബാലകൃഷ്ണന് ഉള്ളതെന്നാണ് വിലയിരുത്തൽ. ഇയാളുടെ മകൻ കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ്. മകനിൽ നിന്നാണോ കൊവിഡ് പകർന്നതെന്ന് സംശയം ആരോഗ്യ വകുപ്പിനുണ്ട്.
കൊവിഡ് തിരിച്ചറിയാത്തതിനാല്‍ ചികിത്സ വൈകിയിരുന്നു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 29 ആയി. എറണാകുളം ജില്ലയിലെ മൂന്നാമത്തെ കൊവിഡ് മരണമാണിത്.