ഇസ്‌താംബുൾ:ആയിരത്തി അഞ്ഞൂറിലേറെ വർഷം മുമ്പ് റോമാ സാമ്രാജ്യം ക്രൈസ്തവ ദേവാലയമായി നിർമ്മിക്കുകയും പിൽക്കാലത്ത് അഞ്ഞൂറ് വർഷത്തോളം മുസ്ലീം ദേവാലയമാവുകയും പിന്നീട് തുർക്കി മ്യൂസിയമാക്കുകയും ചെയ്‌ത 'ഹാഗിയ സോഫിയ' വീണ്ടും മുസ്ലീം ദേവാലയമാക്കി പ്രസിഡന്റ് റസിപ് തയ്യിപ് എർദോഗൻ ഉത്തരവിട്ടു.
ലോകപൈതൃക മന്ദിരത്തെ യുനസ്കോയുടെയും ക്രൈസ്‌തവ സമൂഹത്തിന്റെയും എതിർപ്പ് അവഗണിച്ചാണ് വീണ്ടും മുസ്ലീം ദേവാലയമാക്കിയത്.പ്രഖ്യാപനത്തിന് പിന്നാലെ നൂറുകണക്കിന് മുസ്ലീങ്ങൾ മന്ദിരത്തിന് സമീപം മഗ്‌രിബ് പ്രാർത്ഥന നടത്തി. ഔപചാരിക പ്രാർത്ഥന ഈ മാസം 24ന് നടത്തും.
എ. ഡി 537ലായിരുന്നു നിർമ്മാണം. 1453 മേയ് 29 ന് ഓട്ടോമൻ സേന റോമൻ സൈന്യത്തെ തകർത്ത് തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കി. അവർ നഗരം കൊള്ളയടിച്ചു. ഹാഗിയാ സോഫിയയിലെ അമൂല്യവസ്തുക്കൾ കടത്തി. മുസ്ലീം ദേവാലയമായി പ്രഖ്യാപിച്ചു. 1935ലാണ് മ്യൂസിയമായി പ്രഖ്യാപിച്ചത്. ആ തീരുമാനം കഴിഞ്ഞ ദിവസം തുർക്കി ഹൈക്കോടതി അസാധുവാക്കിയതിന് പിന്നാലെയാണ് എർദോഗന്റെ പ്രഖ്യാപനം.
അമേരിക്കയും യൂറോപ്യൻ യൂണിയനും ഗ്രീസും ഉൾപ്പെടെയുള്ള രാജ്യങ്ങളും വിവിധ ക്രൈസ്തവ സഭകളും ശക്തമായി പ്രതിഷേധിച്ചു.
ഹാഗിയ സോഫിയ (ഹോളി വിസ്‌ഡം)
@റോമാ ചക്രവർത്തി ജസ്റ്റിനിയൻ ഒന്നാമന്റെ കൽപ്പന പ്രകാരം നിർമ്മിച്ച ഓർത്തഡോക്സ് ക്രിസ്‌ത്യൻ ദേവാലയം
@സ്ഥലം പഴയ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിൾ. ഇപ്പോൾ തുർക്കിയുടെ തലസ്ഥാനമായ ഇസ്‌താംബുൾ
@ ക്ഷേത്രഗണിത വിദഗ്ദ്ധരായ ഇസിഡോർ, ആന്തീമിയസ് എന്നിവരാണ് രൂപകൽപ്പന ചെയ്‌തത്.
@ വാസ്‌തുകലയിലെ എക്കാലത്തെയും വിസ്‌മയം.
@നാൽപ്പത് ജാലകങ്ങളുള്ള കൂറ്റൻ മകുടം.
@അഞ്ച് ഭൂകമ്പങ്ങളെ അതിജീവിച്ചു. മൂന്നാമത്തേതിൽ മകുടം പൂർണമായി തകർന്നു.
@ആയിരം വർഷം ലോകത്തെ ഏറ്റവും വലിയ കത്തീഡ്രൽ എന്ന റെക്കാഡ് (1520ൽ സെവിൽ കത്തീഡ്രൽ റെക്കാഡ് സ്വന്തമാക്കി)
@1204ൽ റോമൻ കാത്തലിക് ദേവാലയമാക്കി
@1261ൽ വീണ്ടും ഓർത്തഡോക്സ് ദേവാലയമാക്കി
@1453ൽ മുസ്ലീം ദേവാലയമാക്കി.
@1935ൽ തുർക്കിയുടെ ആദ്യ പ്രസിഡന്റ് അറ്റാടുർക്കിന്റെ ഉത്തരവ് പ്രകാരം മ്യൂസിയമായി പ്രഖ്യാപിച്ചു
@പ്രതിവർഷം പത്ത്ലക്ഷത്തിലധികം സന്ദർശകർ
@2019 - മുസ്ലീം ദേവാലയമാക്കണമെന്ന് പ്രസിഡന്റ് എർദ്ദോഗൻ
@2020 ജൂലായ്- തുർക്കി ഹൈക്കോടതി മ്യൂസിയം പദവി റദ്ദാക്കി. ഉത്തരവിൽ എർദ്ദോഗൻ ഒപ്പിട്ടു.
''ഹാഗിയ സോഫിയ ലോക വാസ്‌തുകലയിലെ മാസ്റ്റർപീസുകളിൽ ഒന്നാണ്. ഏഷ്യയും യൂറോപ്പും തമ്മിൽ നൂറ്റാണ്ടുകളായി നിലനിന്ന ഉറ്റ ബന്ധത്തിന്റെ പ്രതീകമാണത്. മ്യൂസിയം പദവി ആഗോള പൈതൃകത്തിന്റെ സൂചകമാണ്. ആ പദവി മാറ്റാൻ യുണെസ്കോയുടെ പൈതൃക സമിതിയുടെ അനുമതി വേണം.''
-- ഓഡ്രി അസൂലേ,
യുനെസ്‌കോ ഡയറക്ടർ ജനറൽ