മോസ്കോ: ഖബ്രോവ്സ്ക് ഗവർണർ സെർഗെ ഫർഗെല്ലിന്റെ അറസ്റ്റിനെ തുടർന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനെതിരെ പ്രക്ഷോഭം ശക്തമാകുന്നു. പതിനഞ്ചു വർഷം മുൻപ് ചില ബിസിനസുകാരെ വധിക്കാൻ ഉത്തരവിട്ടു എന്ന കേസിന്മേൽ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫർഗെല്ലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു വർഷം മുൻപ് നടന്ന ഗവർണർ തിരഞ്ഞെടുപ്പിൽ പുടിൻ പക്ഷക്കാരനായ സ്ഥാനാർത്ഥിയെ ഫർഗെൽ പരാജയപ്പെടുത്തിയിരുന്നു. ഇതിലുള്ള പകപോക്കലാണ് നിലവിലെ നടപടിയെന്ന് പ്രതിപക്ഷവും പ്രതിഷേധക്കാരും ആരോപിക്കുന്നു. തന്റെ എതിരാളികളെ ഒന്നൊന്നായി ഒതുക്കാൻ പുതിയ അധികാരം പുടിൻ ഉപയോഗപ്പെടുത്തുന്നുവെന്ന ആക്ഷേപവും പ്രക്ഷോഭകർ ഉയർത്തുന്നു.
നിയമഭേദഗതിയിലൂടെ തന്റെ ഭരണം 2036 വരെ നീട്ടിയ ശേഷം പുടിൻ എടുക്കുന്ന ആദ്യ രാഷ്ട്രീയ നിലപാടെന്ന നിലയിലും ഫർഗെല്ലിന്റെ അറസ്റ്റും വിചാരണയും രാജ്യാന്തര ശ്രദ്ധ നേടുകയാണ്. അതേസമയം, പൊലീസ് കസ്റ്റഡിയിലുള്ള ഫർഗെല്ലിനെ രണ്ടു മാസത്തേക്ക് റിമാൻഡ് ചെയ്തു. ജീവപര്യന്തം വരെ ലഭിക്കാവുന്ന കേസാണിതെന്ന് വിദഗ്ദ്ധർ പറയുന്നു. രാജ്യത്തിന്റെ രഹസ്യങ്ങൾ നാറ്റോ രാജ്യങ്ങൾക്ക് ചോർത്തിക്കൊടുത്തതിന്റെ പേരിൽ മുൻ ജേർണലിസ്റ്റ് നവാൻ സഫ്രനോവിന് രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ് ഫർഗെലിനെപ്പോലെ ജന സ്വീകാര്യതയുള്ള നേതാവിനെ ജയിലിലടയ്ക്കുന്നത്.