സംസ്‌കാരത്തിലും ആചാരങ്ങളിലും ഇന്ത്യയുമായി ഏറെ സമാനതകളുള്ള രാഷ്ട്രമായ നേപ്പാൾ
ചരിത്രാതീതകാലം മുതൽ ഇന്ത്യയുമായി ശക്തമായ സൗഹൃദം പുലർത്തി പോന്നിരുന്നു . എന്നാൽ അടുത്ത നാളുകളായി ഇന്ത്യയും നേപ്പാളും തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസമുണ്ട്. നേപ്പാളുമായി ഏറ്റുമുട്ടേണ്ട സ്ഥിതിയിലേയ്ക്ക് വിരൽ ചൂണ്ടുന്ന സംഭവങ്ങൾ അരങ്ങേറുകയാണ്. ഇന്ത്യ 2019 നവംബറിൽ പുതിയ മാപ്പ് പ്രസിദ്ധീകരിച്ചു. ജമ്മുകാശ്മീർ പ്രദേശത്തിന് പുതുക്കിയ അംഗീകാരം പ്രഖ്യാപിച്ചപ്പോൾ കാളിനദിയുടെ പേര് പൂർണമായും അവഗണിച്ചു. തന്നെയുമല്ല നേപ്പാളിന്റെ അതിർത്തിയായി പരിഗണിക്കുന്ന പ്രദേശത്ത് ഇന്ത്യ ഒരു റോഡ് നിർമ്മിച്ചു. രണ്ടു നടപടികളും നേപ്പാൾ പ്രധാനമന്ത്രി 'ഒലി'യെ പ്രകോപിപ്പിച്ചു. തർക്കപ്രദേശമായി പരിഗണിക്കപ്പെട്ടിരുന്ന 'കലാപാനി' നേപ്പാളിന്റേതാണെന്ന അവകാശവാദം നേപ്പാൾ ഉന്നയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഔദ്യോഗികമായി നേപ്പാൾ ഭരണകൂടം പ്രസിദ്ധീകരിച്ച ഔദ്യോഗിക ഭൂപടത്തിൽ 'കാലാപാനി, ലിംബിയാദുര, ഉത്തർഖണ്ടിലെ 'ലിപുലേഖ്' എന്നീ പ്രദേശങ്ങൾ നേപ്പാളിന്റെ പരമാധികാര അതിർത്തി പ്രദേശങ്ങളാണെന്ന് പ്രഖാപിച്ചു. നേപ്പാളിലെ രണ്ട് ജനപ്രതിനിധി സഭകളും പ്രസ്തുത ഔദ്യോഗിക ഭൂപടം അംഗീകരിച്ചു. വിഷയത്തിൽ ഒരു സന്ധി സംഭാഷണത്തിനും നേപ്പാൾ സന്നദ്ധമല്ലെന്നും പ്രഖ്യാപിച്ചു. ഇന്ത്യൻ ഭരണകൂടം നേരിടുന്ന പുതിയ വെല്ലുവിളിയാണ് നേപ്പാളിന്റെ നിലപാട്. നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നതും 2016ൽ നേപ്പാൾ പ്രധാനമന്ത്രി 'കദഗാപ്രസാദ് ഒലി' ചൈനയിൽ സന്ദർശനം നടത്തിയതും നേപ്പാളിന്റെ ബാഹ്യവും ആഭ്യന്തരവുമായ നിലപാടുകളിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു. നേപ്പാൾ ചൈനയുടെ സഹായം അഭ്യർത്ഥിക്കാനുള്ള സാഹചര്യം സംജാതമായി. 2015 ഒക്ടോബർ 11ന് നേപ്പാളിലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തിയെ 'ഒലി' സർക്കാരിനെ മുട്ടുകുത്തിയ്ക്കാൻ ചില ശക്തികൾ നേപ്പാളിൽ പുനസംഘടനയുടെ പേരിൽ കലാപങ്ങൾക്ക് നേതൃത്വം നൽകി. നേപ്പാളിന്റെ മലമുകളിൽ നിന്ന് ഇന്ത്യയുടെ സമതല പ്രദേശം വഴിയുള്ള ചരക്കു ഗതാഗതം തടയപ്പെട്ടു. പ്രശ്നത്തിൽ ഇന്ത്യാ ഗവൺമെന്റ് നേപ്പാളിലെ ആഭ്യന്തര കലാപകാരികളെ സഹായിച്ചത് നേപ്പാളിലെ ജനങ്ങളെ രോഷാകുലരാക്കി. അവരുടെ ദേശാഭിമാനം ജ്വലിപ്പിക്കുന്നതിൽ പ്രധാനമന്ത്രി ഒലി നേതൃത്വം നൽകി. ഈ പശ്ചാത്തലത്തിൽ ഒലി ചൈനയിലെത്തി. ചൈനീസ് ഭരണകൂടുവുമായി നിരവധി കരാറുകളിൽ ഒപ്പിട്ടു. ചൈന നേപ്പാളിന്റെ വ്യവസായ പുരോഗതിയ്ക്കും മറ്റുമായി സാമ്പത്തിക നിക്ഷേപങ്ങൾ നടത്താൻ സന്നദ്ധമായി.
ആപൽസന്ധിയിൽ നേപ്പാളിന്റെ ആഭ്യന്തര പ്രശ്നത്തിൽ ഇന്ത്യ നടത്തിയ ഇടപെടലിന്റെ ഫലമായി അണപൊട്ടി ഒഴുകിയ ദേശാഭിമാന വികാരം ഒലി ഫലപ്രദമായി വിനിയോഗിച്ചു. ഒലി നേപ്പാളിലെ മലപ്രദേശങ്ങളിലെ ജനതയുടെ മനം കവർന്നു. 2017ൽ നടന്ന പാർലമെന്റ് തിരഞ്ഞടുപ്പിൽ യുണൈറ്റഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി നേതാവായ ഒലിക്ക് നേപ്പാൾ മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി പിന്തുണ പ്രഖ്യാപിച്ചു. തുടർന്ന് സുപ്രധാനമായ ഒരു തീരുമാനം മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി കൈക്കൊണ്ടു. ഒലിയുടെ യു.എം.എൽ പാർട്ടിയുമായി ലയിച്ച് ഒറ്റ പാർട്ടിയായി ! 'ഒലി' നേപ്പാളിന്റെ കരുത്തനായ നേതാവായി മാറി.
നേപ്പാളിലെ കമ്മ്യൂണിസ്റ്റ് സർക്കാരും, അവരുമായി ഉറ്റബന്ധം പുലർത്തുന്ന ചൈനയും ഭാവിയിലുയർത്തുന്ന വെല്ലുവിളി നേരിടാനുള്ള കരുത്തും, നയതന്ത്ര വൈദഗ്ധ്യവും നേടാതെ ഇന്ത്യയ്ക്ക് മുന്നോട്ടു പോകാനാവില്ല.
'ഖദ്ഗാ പ്രസാദ് ഒലി' എന്ന നേപ്പാൾ പ്രധാനമന്ത്രി വിപ്ലവാനുഭവങ്ങളുടെ കനൽ വഴികളിലൂടെയാണ് കടന്നുവന്നത്.
സംഭവബഹുലമായ ജീവിതത്തിന്റെ ഉടമയാണ് 'ഒലി' . കിഴക്കൻ പ്രദേശത്തെ ബ്രാഹ്‌മണ കർഷക കുടുംബത്തിൽ 1952ൽ ജനനം. പത്തു വയസുള്ളപ്പോൾ ഒലിയുടെ കുടുംബം 'ഝാപ്പാ' എന്ന പ്രദേശത്തേയ്ക്ക് താമസം മാറി.
ബാല്യം മുതൽ ഒലി വിപ്ലവ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. ഇന്ത്യയിൽ പടർന്നുപിടിച്ച 'നക്സൽ ബാരി' ഗ്രാമം 'ഝാപ്പാ' ഗ്രാമവും തൊട്ടടുത്ത പ്രദേശങ്ങളാണ്. ഒലിയുടെ നേതൃത്വത്തിൽ 'ഝാപ്പായിലാരംഭിച്ച സായുധ കലാപം മൃഗീയമായി അടിച്ചമർത്തപ്പെട്ടു. 1973ൽ ഒലിയെ തടവുകാരനായി പിടിച്ചു. പതിന്നാലു വർഷം ജയിലിൽ ഏകാന്ത തടവിലായിരുന്നു. നക്സൽ ബാരി പാർട്ടി പോലെ നേപ്പാളിലെ പാർട്ടി ചിതറിപ്പോയില്ല. യുണൈറ്റഡ് മാർക്സിസ്റ്റ് ലെനിനസ്റ്റ് എന്ന പേരിൽ നേപ്പാളിലെ പാർട്ടി അതിശക്തമായ കമ്മ്യൂണിസ്റ്റ് പാർട്ടിയായി രൂപം പ്രാപിച്ചു. 1990ൽ നേപ്പാളിലെ രണ്ടാമത്തെ പാർട്ടിയായി യുണൈറ്റഡ് മാർക്സിസ്റ്റ് ലെനിനിസ്‌റ്റ് ഉയർന്നു വന്നു. പാർലമെന്ററി ജനാധിപത്യത്തിൽ അടിയുറച്ച് വിശ്വസിച്ച് മാവോയിസ്‌റ്റുകളും ചരിത്രപരമായ ദൗത്യം നിർവഹിക്കാനെത്തി. 2006 ലെ ജനകീയ മുന്നേറ്രത്തിൽ മാവോയിസ്‌റ്റുകൾ ഒഴികെ എല്ലാ ദേശീയ പാർട്ടികളും ചേർന്ന് ഒരു മുന്നണിക്ക് നേതൃത്വം നല്‌കി. തുടർന്ന് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച ഒലി രണ്ട് മണ്‌ഡലങ്ങളിലും പരാജയപ്പെട്ടു. നേപ്പാളിലെ ഏറ്റവും ശക്തമായ പാർട്ടിയായി മാവോയിസ്‌റ്റുകൾ. തുടർന്ന് ഒലി ഉറച്ച നിലപാടുമായി മുന്നോട്ടു പോയി. 2015 ൽ ഒലി നേപ്പാൾ പ്രധാനമന്ത്രിയായും ഏകീകരിക്കപ്പെട്ട കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു.