covid

വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 1.26 കോടി കടന്നു. 2,​30,​000ലേറെ പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ ലോകത്ത് 5.63ലക്ഷത്തിലേറെപ്പേർ മരിച്ചു. 73.85 ലക്ഷത്തിലേറെപ്പേർക്ക് രോഗം ഭേദമായി. ഇത് അഞ്ചാം തവണയാണ് ലോകത്ത് 24 മണിക്കൂറിനിടെ 2 ലക്ഷത്തിലധികം രോഗികൾ ഉണ്ടാകുന്നത്. മാത്രമല്ല,​ ഇത്രയധികം രോഗികൾ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്യുന്നതും ഇതാദ്യമായാണ്.

അമേരിക്കയിലും ബ്രസീലിലുമാണ് സ്ഥിതി അതിരൂക്ഷമായി തുടരുന്നത്. അമേരിക്കയിൽ 24 മണിക്കൂറിനിടെ 71,000 ലേറെ പേർക്ക് രോഗം ബാധിച്ചു. 698 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 32.92 ലക്ഷവും മരണസംഖ്യ 1.36 ലക്ഷവും കടന്നു

ബ്രസീലിൽ 1144 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 41000 ലേറെ ആളുകൾക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിലും രോഗം പടരുകയാണ്. ആകെ രോഗികളുടെ എണ്ണം രാജ്യത്ത് രണ്ടര ലക്ഷം കവിഞ്ഞു. റഷ്യയിൽ രോഗികൾ 7.20 ലക്ഷം പിന്നിട്ടു. പെറുവിൽ രോഗബാധിതർ 3,19,646 ആയി വർദ്ധിച്ചു.