ലണ്ടൻ: വീട്ടിലിരുന്നത് മതി, ഇനി നിങ്ങൾ ജോലിക്കായി തിരികെ വരൂ എന്ന് നിർദ്ദേശിച്ചിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ബോറിസ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. 'ലോക്ഡൗൺ തുടങ്ങിയപ്പോൾ നിങ്ങൾ കഴിവതും വീട്ടിലിരിക്കൂ എന്നാണ് ഞാൻ നിങ്ങളോട് പറഞ്ഞത്. എന്നാൽ, ഇപ്പോൾ പറയുന്നു കഴിവതും നിങ്ങൾ ജോലിക്കു വരൂ വീട്ടിലിരുന്നത് മതിയാക്കൂ'. ബോറിസിന്റെ വാക്കുകൾക്ക് സമ്മിശ്ര പ്രതികരണമാണുള്ളത്. അടുത്ത ആഴ്ച മുതൽ ജോലിയിൽ പ്രവേശിക്കാനാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. റെസ്റ്റോറന്റ്, ഷോപ്പിംഗ് കടകൾ തുടങ്ങി പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കണമെന്ന പ്രധാനമന്ത്രിയുടെ അഭിപ്രായത്തിനു പിന്നാലെയാണ് ജോലിക്ക് പ്രവേശിക്കാനുള്ള നിർദ്ദേശം എത്തിയത്. ഏപ്രിൽ, മെയ് മാസങ്ങളിലായി സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യത്തിന്റെ സാമ്പത്തിക വരവിൽ കാൽശതമാനത്തോളം ഇടിവ് സംഭവിച്ചിരുന്നു. എന്നിട്ടും തൊഴിലിലേക്ക് മടങ്ങുന്ന ജീവനക്കാർക്ക് ബോണസ് സർക്കാർ നൽകുമെന്ന് ധനമന്ത്രി റിഷി സുനാക് പറഞ്ഞു. ലോക്ക്ഡൗൺ കാലം കഴിഞ്ഞാൽ ഉയർന്നുവരുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങളും ബ്രിട്ടീഷ് സർക്കാർ ആരംഭിച്ചിട്ടുണ്ട്.