sarith

കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ സംഘം കസ്റ്റംസ് ഓഫീസിലെത്തി. ഒന്നാം പ്രതി സരിത്തിനെ എൻ.ഐ.എ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. ഐസിസിന്‍റെ ദക്ഷിണേന്ത്യാ ഘടകവുമായി സ്വർണം കടത്തിയവർക്ക് ബന്ധമുണ്ടെന്ന അന്വേഷണം എൻ.ഐ.എ ഊർജ്ജിതമാക്കുമെന്നും സൂചനയുണ്ട്.

തിരുവനന്തപുരത്തെ സ്വർണക്കടത്തുകാർക്ക് തമിഴ്‌നാടുമായുള്ള ബന്ധവും എൻ.ഐ.എ. അന്വേഷിക്കും. തിരുവനന്തപുരത്ത് എത്തിക്കുന്ന സ്വർണം ചെന്നൈയിലേക്കാണ് കൊണ്ടുപോയിരുന്നതെന്ന് കസ്റ്റംസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഈ സ്വർണം ഏറ്റുവാങ്ങിയവരെക്കുറിച്ചാണ് ഇപ്പോൾ എൻ.ഐ.എ. അന്വേഷിക്കുന്നത്. തമിഴ്‌നാട്ടിൽ എൻ.ഐ.എ.യുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള ഏഴു തീവ്രവാദികൾക്ക് ഇവരുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും.

തമിഴ്‌നാട് പൊലീസ് വർഷങ്ങളായി തിരയുന്ന ഹാജാ ഫക്രുദ്ദീൻ ഉൾപ്പെടെയുള്ള ഏഴുപേരാണിത്. ഐ.എസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ നിന്ന് സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തത് ഹാജാ ഫക്രുദ്ദീന്‍റെ നേതൃത്വത്തിലാണെന്ന് എൻ.ഐ.എ. കണ്ടെത്തിയിരുന്നു. ഇവരുടെ റിക്രൂട്ട്‌മെന്‍റ് പ്രവർത്തനങ്ങൾക്കായി സ്വർണക്കടത്ത് ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് എൻ.ഐ.എ കരുതുന്നു

യു.എ.ഇ. കോൺസുലേറ്റിന്‍റെ പേരിലെത്തിയ ബാഗേജിൽ സ്വർണംകടത്താൻ സംഘത്തെ ഉപയോഗിച്ചതിന് പിന്നിൽ തീവ്രവാദസംഘടനകൾക്കു പങ്കുണ്ടെങ്കിൽ അതു രാജ്യസുരക്ഷയ്ക്കു വൻ ഭീഷണിയാണെന്ന വിലയിരുത്തലാണ് എൻ.ഐ.എക്ക്. കേരളത്തിൽ ഇതിനുമുമ്പ് എത്തിയ സ്വർണം ഏതു വഴികളിലൂടെ പോയെന്നും ആരൊക്കെ ഉപയോഗിച്ചെന്നും അതിൽ ഭീകരസംഘടനകളുടെ ബന്ധമുണ്ടോയെന്നുമുള്ള കാര്യങ്ങളും അന്വേഷണത്തിന്‍റെ ഭാഗമാകും.

.