അബുദാബി: കൊവിഡ് രോഗം പൂർണമായി തുടച്ചു നീക്കാനായിട്ടില്ലെങ്കിലും കൃത്യമായ ആസൂത്രണത്തിന്റെ ഫലമായി ആശ്വാസത്തിന്റെ പാതയിലാണ് ഗൾഫ് രാജ്യങ്ങൾ. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ യു.എ.ഇയിൽ കൂടുതൽ ആശുപത്രികളെ കൊവിഡ് മുക്തമായി പ്രഖ്യാപിച്ചു. ചികിത്സയിലുള്ള അവസാന കൊവിഡ് രോഗിയേയും ഡിസ്‍ചാർജ് ചെയ്ത ശേഷം അണുവിമുക്തമാക്കുന്ന നടപടികളും പൂർത്തിയാക്കി, പ്രത്യേക പരിശോധനകൾ നടത്തിയാണ് അധികൃതർ ആശുപത്രികളെ കൊവിഡ് മുക്തമായി പ്രഖ്യാപിക്കുന്നത്. രാജ്യവ്യാപക പരിശോധനയടക്കം രാജ്യത്തെ ആരോഗ്യ രംഗത്തിന്റെ മികവാർന്ന പ്രവർത്തനം കാരണം യു.എ.ഇയിൽ കൊവിഡ് രോഗികളുടെ എണ്ണം കാര്യമായി കുറയുകയാണിപ്പോൾ. രാജ്യത്തെ നിരവധി ആശുപത്രികൾ കൊവിഡ് മുക്തമായി ഇപ്പോൾ സാധാരണ ചികിത്സ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. യു.എ.ഇയിൽ ഇപ്പോഴുള്ള ആകെ രോഗികളുടെ എണ്ണം 10000 ൽ താഴെമാത്രമാണ്. രാജ്യത്ത് ഇന്നുവരെയുള്ള കണക്കുകൾ പ്രകാരം 54,050 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 330 പേർ മരണപ്പെടുകയും ചെയ്തു. അതേസമയം, ഒമാനിലും സൗദി അറേബ്യയിലും ദിവസേന രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 2000ലധികമാണ്.