ന്യൂയോർക്ക്: 'ടിക്ക് ടോക്ക് ബാൻ ചെയ്തിരിക്കുന്നു' എന്ന മെസേജ് വന്നയുടൻ ആമസോൺ ജീവനക്കാർ തങ്ങളുടെ ഫോണുകളിൽ നിന്ന് ആപ്പ് നീക്കം ചെയ്യാൻ തുടങ്ങി. അൽപ്പം കഴിഞ്ഞപ്പോൾ അതാ വരുന്നു പുതിയ മെസേജ് 'മാറ്റല്ലേ മാറ്റല്ലേ ആപ്പ് നിരോധിച്ചിട്ടില്ല, ചെറിയൊരു പിശകു വന്നതാണേ'. കഴിഞ്ഞ ദിവസമാണ് ആമസോണിൽ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ജീവനക്കാരുടെ ഫോണുകളിൽ നിന്ന് ടിക് ടോക്ക് ആപ്പും വീഡിയോയും നിരോധിക്കുന്നുവെന്നാണ് ആമസോൺ ആദ്യം അറിയിപ്പ് നൽകിയത്. വീഡിയോ ഫോണുകളിലൂടെ ഷെയർ ചെയ്യാൻ പാടില്ലെന്നും അറിയിച്ചു. കുറച്ച് സമയം കഴിഞ്ഞപ്പോൾ തീരുമാനം പാടെ പിൻവലിച്ചു. ഇന്ത്യ ടിക് ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിനു പിന്നാലെ അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളും അത്തരമൊരു നീക്കവുമായി എത്തിയിരുന്നു. ഉപഭോക്താക്കളുടെ വിവരങ്ങൾ ചൈനീസ് സർക്കാരിനു കൈമാറുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് യു.എസ് ടിക് ടോക്ക് നിരോധനമെന്ന ആശയവുമായി എത്തിയത്. ഇതിനു പിന്നാലെയാണ് ആമസോണിൽ അറിയിപ്പ് വന്നത്. എന്നാൽ, അത്തരമൊരു മെസേജ് തൊഴിലാളികളുടെ കാരണം എന്താണെന്ന് അറിയില്ലെന്നാണ് ആമസോൺ മേധാവികൾ പറയുന്നത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അവർ അറിയിച്ചു.