vik

മൂന്നുപതിറ്റാണ്ടോളം ഉത്തർപ്രദേശിനെ അടക്കി ഭരിച്ച ഗ്യാങ്സ്റ്റർ,​ കൊലപാതകം അടക്കം നൂറോളം കേസുകളിലെ മുഖ്യപ്രതി,​ രാഷ്ട്രീയക്കാരുടെ സന്തത സഹചാരി,​ ഉത്തർപ്രദേശിൽ മാത്രം 16 ഫ്ളാറ്റുകളും 11 ആഡംബര വീടുകളുമുള്ള സമ്പന്നൻ, എ.കെ 47 നെ പ്രണയിക്കുന്ന അധോലോകനായകൻ... കൊടുംകുറ്റവാളി വികാസ് ദുബെയ്ക്ക് വിശേഷണങ്ങൾ ഏറെയാണ്. എട്ടുപൊലീസുകാരെ കൊലപ്പെടുത്തി ഒളിവിൽ പോയ ദുബെയെ കഴിഞ്ഞ ദിവസമാണ് ആസൂത്രിതമായി പൊലീസ് പിടികൂടിയത്. ദുബെയുടെ കൂട്ടാളികളെ എൻകൗണ്ടറിൽ വധിച്ചതുപോലെ ദുബെയും കൊല്ലപ്പെടാനിടയുണ്ടെന്നും ദുബെയ്ക്ക് സംരക്ഷണം നൽകണമെന്നുമുള്ള ഹർജി സുപ്രീംകോടതി പരിഗണിക്കാനെടുക്കുമ്പോഴേക്കും ദുബെയുടെ തലയിൽ പൊലീസിന്റെ വെടിയുണ്ട തുളച്ചു കയറിയിരുന്നു. ദുബെ കൊല്ലപ്പെടേണ്ടവനാണെന്ന കാര്യത്തിൽ തർക്കമുണ്ടാവാനിടയില്ല. പക്ഷെ, നീതിയും നിയമവും ദുബെയ്ക്കും ബാധകമാണ്. അതിനാലാണ് വികാസ് ദുബെയെ പൊലീസ് എൻകൗണ്ടറിൽ വധിച്ച സംഭവത്തിലെ ദുരൂഹതകൾ വിശകലനം ചെയ്യുന്നത്. ദുബെ സഞ്ചരിച്ച വാഹനമേത്? സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടതിനു പിന്നാലെ വികാസ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് എൻകൗണ്ടർ നടത്തിയതെന്നാണ് പൊലീസ് പറഞ്ഞത്. വികാസ് ദുബെ സഞ്ചരിച്ചിരുന്ന കാർ വെള്ളിയാഴ്ച രാവിലെ മറിഞ്ഞെന്നും ദുബെയ്ക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റെന്നുമാണ് പറയുന്നത്. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് തോക്ക് തട്ടിയെടുത്ത ദുബെ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.തൊട്ടുപിന്നാലെ വികാസ് ദുബെയെ പൊലീസ് വളഞ്ഞു കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ വെടിയുതിർത്തു. ഇതേ തുടർന്നാണു തിരിച്ചു വെടിയുതിർത്തതെന്നാണു പൊലീസ് ഭാഷ്യം. എന്നാൽ വികാസ് കൊല്ലപ്പെടുന്നതിന് കുറച്ചു സമയം മുമ്പു ചിത്രീകരിച്ച ദൃശ്യങ്ങളാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയങ്ങൾ ഉയർത്തുന്നത്. പുലർച്ചെ നാല് മണിക്ക് മൂന്ന് കാറുകൾ ടോൾ ബൂത്ത് കടക്കുന്ന ദൃശ്യമാണ് ആദ്യത്തേത്. ഈ സമയത്ത് വാഹനാപകടം ഉണ്ടായി മറിഞ്ഞ കാറിൽ അല്ല വികാസ് സഞ്ചരിച്ചിരുന്നത്. മറ്റൊരു കാറിലായിരുന്നു ദുബെ ഉണ്ടായിരുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാർ മാറ്റത്തെക്കുറിച്ചുള്ള ഈ സംശയം മാദ്ധ്യമങ്ങൾ ഉന്നയിച്ചെങ്കിലും പൊലീസ് ഇതുവരെ പ്രതികരിച്ചില്ല  മാദ്ധ്യമങ്ങളെ തടഞ്ഞതെന്തിന്? സംഭവത്തിനു തൊട്ടുമുൻപ്, അപകടസ്ഥലത്തിന് 2 കിലോമീറ്റർ അകലെ മാദ്ധ്യമങ്ങളുടെ വാഹനങ്ങൾ പൊലീസ് തടഞ്ഞു. ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തുവിട്ട പുലർച്ചെ 6.30ന് എടുത്ത വിഡിയോയിൽ ഇത് വ്യക്തമാണ്. എൻകൗണ്ടർ നടക്കുന്നതിന് അരമണിക്കൂർ മുൻപാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. വികാസ് ദുബെയെ കൊണ്ടുപോയിരുന്ന വാഹനത്തിന് അകമ്പടിയുണ്ടായിരുന്ന വാഹനങ്ങളിലെ ഉദ്യോഗസ്ഥർ തൊട്ടുപിന്നിലുണ്ടായ മാദ്ധ്യമങ്ങളുടെ വാഹനങ്ങളെ തടയുന്ന വിഡിയോയാണ് ഇത്. എന്തിനാണ് പൊലീസ് മാദ്ധ്യമങ്ങളെ തടഞ്ഞതെന്ന ചോദ്യത്തിനും ഉത്തരമില്ല.  അപകടം കെട്ടിച്ചമച്ചതോ? സംഭവ സ്ഥലത്തുവച്ചു വെടിയൊച്ചകൾ കേട്ടതായി ചില പ്രദേശവാസികൾ പറഞ്ഞിരുന്നു. എന്നാൽ പൊലീസ് ഇടപെട്ട് ഇവരെ നീക്കി. 'വെടിവയ്പിന്റെ ശബ്ദമാണു ഞങ്ങൾ കേട്ടത്. എന്താണെന്നു നോക്കാൻ വന്നപ്പോൾ പൊലീസ് തടയുകയായിരുന്നു. ഞങ്ങൾ വീട്ടിലേക്കു പോകുക‌യായിരുന്നു".– എൻകൗണ്ടർ നടന്ന സ്ഥലത്തിന് സമീപത്തു കൂടെ കടന്നു പോകുകയായിരുന്ന ആഷിഷ് പാസ്വാൻ പറഞ്ഞു. കൈവിലങ്ങ് എവിടെ? കൊടുംകുറ്റവാളിയായ ദുബെയെ കൈവിലങ്ങണിയിച്ചിരുന്നില്ലേ എന്ന ചോദ്യ ത്തിനും ഉത്തരമില്ല. കൈവിലങ്ങ് ഉണ്ടായിരുന്നെങ്കിൽ തോക്ക് തട്ടിയെടുക്കാനോ വെടിവയ്ക്കാനോ ദുബെയ്ക്ക് കഴിയുമായിരുന്നില്ല. എൻകൗണ്ടർ തുടർകഥ യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായി അധികാരമേറ്റ 2017 മാർച്ച് മുതൽ 2019 ജൂൺ 11 വരെ 77 ക്രിമിനലുകൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നാണു കണക്കുകൾ. ദുബെ കീഴടങ്ങാൻ പലതവണ പൊലീസിനെ സന്നദ്ധത അറിയിച്ചിട്ടും അറസ്റ്റ് വൈകിപ്പിക്കുകയാണെന്നു ആരോപണം ഉയർന്നിരുന്നു. ദുബെയുടെ സംഘത്തിലെ 5 പേർ കൊല്ലപ്പെട്ടതിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ഗണശ്യാം ഉപാധ്യായ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. മരണവഴി കഴിഞ്ഞ വെള്ളിയാഴ്ചയാണ് വികാസ് ദുബെയും കൂട്ടാളികളും കാൺപൂരിലെ ബിക്രു ഗ്രാമത്തിൽ എട്ട് പൊലീസുകാരെ വെടിവച്ചു കൊന്നത്. ദുബെയെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് അയാളുടെ ഗ്രാമത്തിൽ ചെന്നത്. ആക്രമണത്തിന് ശേഷം ദുബെ ഒളിവിൽ പോയി. വ്യാഴാഴ്‌ച രാവിലെ ഉജ്ജയിനി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് ഇറങ്ങിയ ഇയാളെ മദ്ധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്‌ത് യു.പി പൊലീസിന് കൈമാറുകയായിരുന്നു. ഞാൻ വികാസ് ദുബെയാണ്, കാൺപൂരുകാരൻ’ തന്നെ അറസ്റ്റു ചെയ്യാനെത്തിയ പൊലീസുകാർക്കെതിരെ ആക്രോശിക്കുകയായിരുന്നു ഗുണ്ടാത്തലവൻ. അറുപത് ക്രിമിനൽ കേസുകളിൽ പ്രതിയായ ദുബെയെ പിടിക്കാൻ യു.പി പൊലീസ് അഞ്ച് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ ഭാര്യ റിച്ച കാൺപൂർ ജില്ലാ പഞ്ചായത്ത് അംഗമാണ്. ബിക്രു ആക്രമണത്തിൽ ദുബെയുടെ കൂട്ടാളികളായിരുന്ന ബൗവ പാണ്ഡെയെയും പ്രഭാത് മിശ്രയെയും വ്യാഴാഴ്ച രാവിലെയാണ് പൊലീസ് 'ഏറ്റുമുട്ടലിൽ' വധിച്ചത്. പ്രഭാത് മിശ്രയെ ട്രാൻസിറ്റ് റിമാൻഡിൽ കാൺപൂരിലേക്ക് കൊണ്ടു പോകുമ്പോൾ വാഹനത്തിന്റെ ടയർ പഞ്ചറായെന്നും അപ്പോ‍ൾ പൊലീസിന്റെ തോക്കു തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച അയാളെ ഏറ്റുമുട്ടലിൽ വധിച്ചെന്നുമാണ് പൊലീസ് പറഞ്ഞത്. ബിക്രു ആക്രമണത്തിൽ 21 പ്രതികളാണുള്ളത്. ഇവരിൽ വികാസ് ദുബെ ഉൾപ്പെടെ ആറു പേരെ പൊലീസ് വധിച്ചു. മൂന്ന് പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. 12പ്രതികളെ പിടികിട്ടാനുണ്ട്.  മൂന്നുദശാബ്‌ദം നീണ്ട ദുബെയുടെ 'ഗുണ്ടാ കരിയറിൽ' രാഷ്‌ട്രീയക്കാർക്ക് വേണ്ടിയുള്ള കൊലവിളികളാണ് കൂടുതലും. രാഷ്‌ട്രീയക്കാരിൽ നിന്ന് കാശുവാങ്ങി ജനങ്ങളെ ഭീഷണിപ്പെടുത്തി വോട്ടു ചെയ്യിക്കലായിരുന്നു പ്രധാന ഹോബി. ജയിലിലായാൽ നേതാക്കളെത്തി മോചിപ്പിക്കും. കേസെടുക്കില്ല. ദുബെ വിചാരിച്ചാൽ ഒരു ലക്ഷം വോട്ടുകളെങ്കിലും മറിയുമായിരുന്നു. മായാവതി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബി.എസ്.പിക്കു വേണ്ടിയായിരുന്നു പ്രവർത്തനം. മായാവതി പുറത്തായപ്പോൾ അഖിലേഷിന്റെ സമാജ്‌വാദി പാർട്ടിയിലേക്ക് മാറി. 2001ൽ ബി.ജെ.പി മന്ത്രി സന്തോഷ് ശുക്ളയെ പൊലീസ് സ്‌റ്റേഷനുള്ളിൽ വെടിവച്ചിട്ടത് ദുബെയ്‌ക്ക് വീര പരിവേഷമാണ് നൽകിയത്. തെളിവില്ലെന്ന പേരിൽ കോടതി വെറുതെ വിട്ടു. എന്നാൽ ദുബെയുടെ പേരുകേട്ടാൽ ജനം പേടിച്ചു വിറയ്‌ക്കുന്ന സ്ഥിതിയായി. മോഹം രാഷ്ട്രീയത്തിലിറങ്ങാൻ ഭരിക്കുന്ന കക്ഷികളുടെ ആളായിരുന്നു ദുബെ. 15 വർഷം ബി.എസ്.പിയിൽ പ്രവർത്തിച്ചു. പിന്നീട് എസ്.പിയിലെത്തി. 2017മുതൽ ബി.ജെ.പിയിൽ.യു.പിയിൽ ക്രിമിനൽ പശ്‌ചാത്തലമുള്ള നേതാക്കൾക്ക് പഞ്ഞമില്ലാത്തതിനാൽ രാഷ്‌ട്രീയ നേതാവിന്റെ വെള്ളക്കുപ്പായമിട്ട് അധോലോക നായകന്റെ ലേബൽ മാറ്റാൻ ദുബെ ആഗ്രഹിച്ചിരുന്നു. കാൺപൂർ റാണിയ അസംബ്ളി സീറ്റിൽ 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുപ്പും തുടങ്ങിയതാണ്. ഒരു പ്രമുഖ ബി.ജെ.പി ദേശീയ നേതാവുമായുള്ള അഭിപ്രായ വ്യത്യാസമാണ് കണക്കുകൂട്ടലുകൾ തെറ്റിച്ചതെന്ന് കേൾക്കുന്നു.