light
വക്കത്ത് പൊട്ടിപൊളിഞ്ഞ ട്യൂബ് ലൈറ്റുകളിൽ ഒന്ന്

വക്കം: ജനങ്ങളെ വലച്ച് വക്കത്ത് തെരുവ് വിളക്കുകൾ ഭാഗികമായി മിഴിയടച്ചു. ഇതുകാരണം സന്ധ്യകഴിഞ്ഞാൽ പുറത്തിറങ്ങാൻ ജനങ്ങൾ ഭയപ്പെടുകയാണ്. എന്തെങ്കിലും അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങേണ്ടിവന്നാൽ ടോർച്ച് കൈയിൽ കരുതേണ്ട അവസ്ഥയിലാണിവർ. തെരുവ് വിളക്കുകൾ അറ്റകുറ്റപ്പണി നടത്തുന്നതിലുള്ള കാലതാമസമാണ് പ്രധാന പ്രശ്നം. ഇതിനായി കെ.എസ്.ഇ.ബി സമർപ്പിച്ച ടെൻഡറിനെക്കാൾ കുറഞ്ഞ തുകയ്ക്കുള്ള കോൺട്രാക്ടർക്കാണ് പഞ്ചായത്ത് അറ്റകുറ്റപ്പണികൾക്കുള്ള കരാർ നൽകിയത്.

നാമമാത്രമായ തുകയുടെ പേരിൽ കെ.എസ്.ഇ.ബിയെ ഒഴിവാക്കരുതെന്ന് അന്നേ ആവശ്യം ഉയർന്നിരുന്നു. എന്നാൽ പ‌ഞ്ചായത്ത് തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. എന്നാൽ കരാർ ഏറ്റെടുത്തയാൾ അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ അലംഭാവം പുലർത്തുന്നതായാണ് നാട്ടുകാരുടെ ആക്ഷേപം. ഉപകരണങ്ങൾക്ക് ഗുണമേന്മയില്ലാത്തതാണ് മറ്റൊരു പ്രധാന പ്രശ്നം. ഗ്യാരന്റി കാലാവധിക്കുള്ളിൽ ലൈറ്റുകൾക്ക് കേടുപാടുണ്ടായാൽ അത് വിതരണം ചെയ്തവർ മാറ്രിത്തരേണ്ടതാണ്. എന്നാൽ ബൾബുകൾ ദിവസങ്ങൾക്കുള്ളിൽ കേടായിട്ടും പഞ്ചായത്തിൽ ഇത് മാറ്രിത്തരുന്നതിനുള്ള നടപടിയെടുത്തിട്ടില്ലെന്നും പരാതിയുണ്ട്.

ദിവസങ്ങളുടെ ആയുസ്

ബൾബിനും ട്യൂബിനും നാശമുണ്ടായാൽ അത് വിതരണം ചെയ്തവർ മാറ്റിത്തരേണ്ടതാണ്. എന്നാൽ വക്കത്ത് അത് ഉണ്ടായിട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. ദിവസങ്ങൾക്കുള്ളിൽ ബൾബും, ട്യൂബും ഫീസാകുന്നത് ഇവിടെ പതിവാണെന്ന് നാട്ടുകാരും ഗ്രാമ പഞ്ചായത്ത് അംഗങ്ങളും സാക്ഷ്യപ്പെടുത്തുന്നു.

കണക്കുകൾ ഇങ്ങനെ...

01. വാർഡുകൾ: 14

02. ട്യൂബ് ലൈറ്റുകൾ: 115

03. ബൾബുകൾ: 280

04. വൈദ്യുതി ചാർജ്: 28000 രൂപയിലധികം

അറ്റകുറ്റപ്പണിക്കുള്ള തുക

01. ട്യൂബ് ലൈറ്റിന്: 360 രൂപ

02. ബൾബിന് 44: രൂപ

കെ.എസ്.ഇ.ബി ചോദിച്ചത്

01.ട്യൂബ് ലൈറ്റിന്: 361 രൂപ

02. ബൾബിന്: 93 രൂപ

പ്രതിപക്ഷത്തിനും അമർഷം

അറ്റകുറ്റപണികൾ നടത്തുന്നതിൽ ഗ്രാമ പഞ്ചായത്ത് അധികൃതർ വിവേചനം കാണിക്കുന്നതായാണ് പ്രതിപക്ഷ മെമ്പർമാർ പറയുന്നത്. ഇതിനെതിരെ

ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് അകത്തും പുറത്തും മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചിരുന്നു. പഞ്ചായത്ത് വർഷത്തിൽ 3.5 ലക്ഷം രൂപ വൈദ്യ്യുതിക്കായി അടയ്ക്കുന്നുണ്ടെങ്കിലും ഇതിനുള്ള പ്രയോജനം ലഭിക്കുന്നില്ലെന്നും പ്രതിപക്ഷം പറയുന്നു.

......................................................

തെരുവുവിളക്ക് കത്തിക്കുന്ന കാര്യത്തിലും അറ്റകുറ്റപണികൾ ചെയ്യുന്ന കാര്യത്തിലും ഭരണസമിതി വിവേചനം കാണിക്കുന്നു.

ജി.രവീന്ദ്രൻ, പ്രതിപക്ഷ നേതാവ് വക്കം ഗ്രാമപഞ്ചായത്ത്