venjaramoodu
ശോച്യാവസ്ഥയിലായ ചേമ്പുംകുഴി -കോലിഞ്ചി റോഡ്

വെഞ്ഞാറമൂട്: നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയമായ തലയിൽ-ചേമ്പിൻകുഴി- കോലിഞ്ചി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 20 വർഷം മുൻപ് നിർമ്മിച്ച റോഡാണ് യാത്രികർക്ക് ദുരിതം സമ്മാനിക്കുന്നത്. മഴക്കാലത്ത് രൂക്ഷമാകുന്ന വെള്ളക്കെട്ടാണ് പ്രശ്നങ്ങൾക്ക് കാരണം.

തലയിൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കോലിഞ്ചി വഴി മുക്കാലിയിൽ എത്തിച്ചേരുന്ന റോഡിന് രണ്ട് കിലോമീറ്ററാണ് ദൂരം. യാത്രാ സൗകര്യങ്ങൾ കുറവായ നൂറേക്കർ, വേടത്തിക്കുന്ന്, പുൽപ്പാറ കോളനിയിലെ ജനങ്ങളുടെ പ്രധാന ആശ്രയമാണ് ഈ റോഡ്. കന്യാകുളങ്ങര, മരുതുംമൂട് മാർക്കറ്റുകളിലേക്ക് കാർഷിക ഉത്പന്നങ്ങളുമായി യാത്രചെയ്യുന്ന കർഷകർക്കും ഇത് ഏറെ പ്രയോജനകരമാണ്. തലയൽ എൽ.പി.എസ്, ആനക്കുഴി ജനതാ എച്ച്.എസ്. എസ്, കന്യാകുളങ്ങര ബി.എച്ച്.എസ്.എസ് തുടങ്ങിയ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും റോഡിന്റെ ദുരവസ്ഥ പരിഹരിച്ചാൽ ഏറെ ആശ്വാസമാകും.

10 കിലോമീറ്റർ ലാഭിക്കാം

റോഡ് സ‌ഞ്ചാരയോഗ്യമായാൽ യാത്രക്കാർക്ക് ഒഴുകുപാറ, വെമ്പായം വഴി തിരുവനന്തപുരത്ത് എത്തിച്ചേരാൻ 10 കിലോമീറ്ററാണ് ലാഭം. ജനങ്ങളുടെ യാത്രാദുരിതം മനസിലാക്കി മാണിക്കൽ പ‌ഞ്ചായത്ത് അധികൃതർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും റോഡിന്റെ ദുരവസ്ഥ പരിഹരിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

കാരണം നിലം നികത്തൽ

മാണിക്കൽ പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന തലയിൽ ഏലാ 40 ഏക്കറോളം വരുന്ന നെൽപ്പാടമായിരുന്നു. നെല്ലുത്പാദനം നഷ്ടത്തിലായതിനാൽ കർഷകർ മറ്റു കാർഷിക വിളകളിലേക്ക് തിരിഞ്ഞതോടെ നെൽക്കൃഷി അപ്രത്യക്ഷമായി. വയലുകൾ നികത്തി വാഴയും മരച്ചീനിയും റബറുമെക്കെ നട്ടതോടെ നീർച്ചാലുകൾ അടഞ്ഞു. ഇതാണ് ചേമ്പിൻകുഴി ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം.

ദൂരം: 2 കിലോമീറ്റർ

നിർമ്മിച്ചിട്ട്: 20 വർഷം

കാര്യങ്ങൾ ഇങ്ങനെയാണ്.....

01.മഴക്കാലമായാൽ രൂക്ഷമായ വെള്ളക്കെട്ട്

02.കാരണമായത് നിലംനികത്തൽ

03.മഴക്കാലത്ത് ഗതാതം അസാദ്ധ്യം

03.കാൽനടയാത്രികരും ദുരിതത്തിൽ

04. ആശ്രയിക്കുന്നത് കർഷകരും വിദ്യാർത്ഥികളും

............................

തലയിൽ-ചേമ്പിൻകുഴി- കോലിഞ്ചി റോഡ് ഗതാഗത യോഗ്യമാക്കാൻ മാണിക്കൽ പഞ്ചായത്ത് ഭരണസമിതി അടിയന്തര നടപടി സ്വീകരിക്കണം.

നെല്ലനാട് ശശി, ബി.ജെ.പി ജില്ലാകമ്മിറ്റി അംഗം

...................................

റോഡ് വലിയ വാഹനങ്ങൾക്കും കടന്നു പോകത്തക്ക വിധത്തിൽ ഗതാഗത യോഗ്യമാക്കണം.

വെമ്പായം ദാസ്, ജനറൽ സെക്രട്ടറി,

ഒ.ബി.സി മോർച്ച വാമനപുരം നിയോജക മണ്ഡലം

.................................................................

പ്രദേശവാസികളുടെ ആവശ്യങ്ങൾ പരിഗണിച്ച് ചേമ്പിൻകുഴി-കോലിഞ്ചി റോഡ് യാഥാർത്ഥ്യമാക്കാൻ പഞ്ചായത്ത് ഭരണസമിതി അടിയന്തര നടപടികൾ സ്വീകരിക്കണം.

വിക്രമൻ നായർ, ബി.ജെ.പി തലയൽ വാർഡ് പ്രസിഡന്റ്