gold-smugling-case

കൊച്ചി: സ്വർണക്കടത്ത് കേസിൽ മൂന്നാം പ്രതിയായ ഫൈസൽ ഫരീദിനെ കണ്ടെത്താനുള്ള എൻ.ഐ.എ അന്വേഷണം ഊർജ്ജിതമാക്കി. സ്വർണക്കടത്തിലൂടെ ലഭിക്കുന്ന ഭീമമായ തുക ഫൈസൽ ഫരീദും സംഘവും ദേശവിരുദ്ധ പ്രവർത്തികൾക്ക് ഉപയോഗിക്കുന്നതായി രഹസ്യന്വേഷണ ഏജൻസികൾ വഴി എൻ.ഐ.എക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഇയാളെ മൂന്നാം പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നുത്.

സരിത്തിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫൈസൽ ഫരീദ് എന്ന അജ്ഞാത സ്വർണക്കടത്തുകാരന്‍റെ പേര് കേസിൽ ഉയർന്നു കേൾക്കുന്നത്. ഫൈസലിന്‍റെ സംസ്ഥാനത്തെ ബന്ധങ്ങളും ആദ്യഘട്ടത്തിൽ അന്വേഷിക്കുമെന്നാണ് സൂചന. ഒരാഴ്ചയായി ഒളിവിൽ കഴിയുന്ന സ്വ‌പ്‌ന സുരേഷും സന്ദീപും എൻ.ഐ.എയുടെ വലയിലായതായും സൂചനയുണ്ട്. സ്വപ്‌ന നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സ്വപ്നക്ക് അനുകൂലമായ വിധി വന്നാൽപോലും എൻ.ഐ.എ ചുമത്തിയ യു.എ.പി.എ വകുപ്പുകൾ നിലനിൽക്കുന്നത് കാരണം ഏത് നിമിഷവും അറസ്റ്റിലാവാം.