wimbledon

ലണ്ടൻ : കൊവിഡിനെത്തുടർന്ന് ഇൗ വർഷത്തെ വിംബിൾഡൺ ടെന്നിസ് ടൂർണമെന്റ് റദ്ദാക്കിയെങ്കിലും കളിക്കാർക്ക് സന്തോഷം പകർന്ന് സംഘാടകരായ ആൾ ഇംഗ്ലണ്ട് ക്ളബ്. ടൂർണമെന്റ് നടന്നിരുന്നുവെങ്കിൽ പങ്കെടുക്കേണ്ടിയിരുന്ന 620 കളിക്കാർക്ക് സമ്മാനത്തുക നൽകാനാണ് തീരുമാനം. ഇതിനായി ഒരു കോടി പൗണ്ടാണ് (95 കോടിയോളം ഇന്ത്യൻ രൂപ) സംഘാടകർ ചെലവഴിക്കാൻ തീരുമാനിച്ചത്.

ലോക റാങ്കിംഗ് അനുസരിച്ച് ക്വാളിഫൈയിംഗ് റൗണ്ടിൽ പങ്കെടുക്കാൻ യോഗ്യത നേടുമായിരുന്ന 224 കളിക്കാർക്ക് 12500 പൗണ്ട് (12 ലക്ഷത്തോളം രൂപ) വീതം നൽകും. മെയിൻ ഡ്രോയിൽ കളിക്കാൻ യോഗ്യത ലഭിക്കുമായിരുന്ന 256 കളിക്കാർക്ക് 25000 പൗണ്ടാണ് സമ്മാനിക്കുക.ഡബിൾസ് താരങ്ങൾക്ക് 6250 പൗണ്ട് വീതവും വീൽചെയർ കളിക്കാർക്ക് 6000 പൗണ്ട് വീതവും നൽകും.

ടൂർണമെന്റ് റദ്ദാക്കിയതിനാൽ വരുമാന നഷ്ടം അനുഭവിക്കുന്ന കളിക്കാർക്ക് ആശ്വാസം പകരുന്നതാണ് സംഘാടകരുടെ നടപടി. ഇൗ വാരാന്ത്യത്തിലായിരുന്നു ലണ്ടനിൽ വിംബിൾഡൺ തുടങ്ങേണ്ടിയിരുന്നത്. എന്നാൽ കൊവിഡ് സാഹചര്യത്തിൽ നടത്തുക പ്രയാസമാണെന്ന് തിരിച്ചറിഞ്ഞ് ഏപ്രിലിൽത്തന്നെ ടൂർണമെന്റ് റദ്ദാക്കാൻ സംഘാടകർ തീരുമാനിച്ചിരുന്നു.രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായാണ് വിംബിൾഡൺ റദ്ദാക്കേണ്ടി വരുന്നത്.ടൂർണമെന്റ് ഇൻഷ്വർ ചെയ്തിരുന്നതിനാൽ സംഘാടകർക്ക് സാമ്പത്തിക പ്രതിസന്ധി ഒഴിവാകുകയായിരുന്നു. ഇതിനാലാണ് കളിക്കാർക്ക് സമ്മാനത്തുക നൽകാൻ പണം ലഭിച്ചത്.

കളിക്കാർക്ക് പ്രതിഫലം നൽകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് നിരവധി കളിക്കാർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി.

ലോകത്തെ എല്ലാ ടൂർണമെന്റുകൾക്കും മാതൃകയായി വിംബിൾഡൺ. ഇത്രയും മഹത്തരമായ ടൂർണമെന്റിൽ അടുത്ത വർഷമെങ്കിലും കളിക്കാൻ കൊതിച്ചിട്ടുവയ്യ...

കിം ക്ളൈസ്റ്റേഴ്സ്

മുൻ ഒന്നാം നമ്പർ താരം