ഗാബറോൺ : ബോട്സ്വാനയിലെ ആനകൾ കൂട്ടത്തോടെ ചരിയുന്നതിന് കാരണം പുതിയ തരം രോഗമാകാമെന്ന് സർക്കാർ. സർക്കാരിന്റെ കണക്കനുസരിച്ച് രാജ്യത്ത് 281 ആനകളുടെ മൃതദേഹമാണ് കണ്ടെത്തിയത്. അതേ സമയം, ഒരു മൃഗസംരക്ഷ സംഘം നടത്തിയ തിരച്ചിലിൽ 356 ആനകളെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ആറ് ആനകളെ കൂടി ചരിഞ്ഞ നിലയിൽ കണ്ടെത്തിയതായി സർക്കാർ അറിയിച്ചു.
ആദ്യത്തെ സാമ്പിൾ പരിശോധനാ ഫലവും പുറത്തു വന്നിട്ടുണ്ട്. സിംബാവെയിലേക്കയച്ച സാമ്പിളിന്റെ ഫലമാണ് വന്നിരിക്കുന്നത്. എന്നാൽ മറ്റു പരിശോധനാ ഫലങ്ങൾ കൂടി ലഭിച്ച ശേഷം മാത്രമേ നിഗമനം അറിയിക്കുകയുള്ളുവെന്ന് സർക്കാർ വ്യക്തമാക്കി. ഇവ അടുത്താഴ്ചയോടെ ലഭിക്കുമെന്നാണ് പ്രതീക്ഷ. സൗത്ത് ആഫ്രിക്കയിലേക്കും കാനഡയിലേക്കും അയച്ച പരിശോധനാ ഫലങ്ങളാണ് ലഭിക്കാൻ പോകുന്നത്.
വേട്ടയാടൽ മൂലമല്ല ആനകൾ ചരിഞ്ഞതെന്ന് വ്യക്തമായിട്ടുണ്ട്. ചരിഞ്ഞ ആനകളിൽ നിന്നും ശേഖരിച്ച ആദ്യഘട്ട സ്രവ പരിശോധനാ ഫലത്തിൽ നിലവിലുള്ള രോഗങ്ങളൊന്നുമല്ല ആനകളുടെ മരണ കാരണം എന്ന് വ്യക്തമായതായും പുതിയ തരം രോഗാണുവാകാം ആനകൾ ചരിയാൻ കാരണമായിട്ടുള്ളതെന്നുമാണ് ബോട്സ്വാന സർക്കാർ സൂചന നൽകി. ബോട്സ്വാനയുടെ അയൽരാജ്യങ്ങളായ സിംബാവെ, അങ്കോള, നമീബിയ, സാംബിയ എന്നിവിടങ്ങളിൽ സമാനമായ രീതിയിൽ ആനകൾ ചരിഞ്ഞിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
തെക്കൻ ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിലെ ഒകാവാൻഗോ മേഖലയിലാണ് കഴിഞ്ഞ രണ്ട് മാസമായി ആനകളുടെ ജഡങ്ങൾ കണ്ടെത്തിയത്. ആഫ്രിക്കൻ ആനകളിൽ മൂന്നിലൊന്നും കാണപ്പെടുന്നത് ബോട്സ്വാനയിലാണ്.
കഴിഞ്ഞ വർഷം 100 ഓളം ആനകൾ ബോട്സ്വാനയിൽ ആന്ത്രാക്സ് ബാധിച്ച് ചരിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത് ആന്ത്രാക്സ് ബാധയല്ലെന്ന് വിദഗ്ദർ വ്യക്തമാക്കിയിരുന്നു.
മുഖമിടിച്ച് വീണ നിലയിലാണ് ചരിഞ്ഞ ആനകളെയെല്ലാം കണ്ടെത്തിയത്. ആനകളുടെ നാഡീവ്യൂഹങ്ങൾ തകരാറിലായതാകാം ഇതിന് കാരണമെന്ന് വിരൽ ചൂണ്ടുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ആനകളുള്ള രാജ്യമാണ് ബോട്സ്വാന. 130,000 ഓളം ആനകൾ ഇവിടെയുണ്ടെന്നാണ് കണക്ക്. ഒകാവാൻഗോ മേഖലയിൽ മാത്രം ഏകദേശം 15,000 ആനകളുണ്ട്.