
സിംഗപ്പൂർ: സിംഗപ്പൂർ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ലീ സൈൻ ലൂംഗിനും ഭരണകക്ഷികൾക്കും വീണ്ടും മികച്ച വിജയം. 93ൽ 83സീറ്റും കരസ്ഥമാക്കിയാണ് പീപ്പിൾസ് ആക്ഷൻ പാർട്ടി മഹാ വിജയം നേടിയിരിക്കുന്നത്. ഇന്ത്യൻ വംശജനായ പ്രീതം സിംഗ് നയിക്കുന്ന പ്രതിപക്ഷ പാർട്ടിയായ വർക്കേഴ്സിന് ആകെ പത്തു സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. കഴിഞ്ഞ 61 വർഷമായി പീപ്പിൾസ് ആക്ഷൻ പാർട്ടിയാണ് സിംഗപ്പൂർ ഭരിക്കുന്നത്. 2006ൽ പ്രധാനമന്ത്രി പദത്തിലേറിയ 68കാരനായ ലീയുടെ നാലാംഘട്ട വിജയമാണിത്. ഉപ പ്രധാനമന്ത്രി ഹെങ് സ്വീ കീറ്റ് ഉൾപ്പെടെ നിലവിലെ മന്ത്രിസഭയിലെ പലരും തിരഞ്ഞെടുപ്പിൽ തങ്ങളുടെ തിളക്കമാർന്ന വിജയം ആവർത്തിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിനിടെയാണ് സിംഗപ്പൂരിൽ തിരഞ്ഞെടുപ്പ് നടത്തിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ബൂത്തുകളുടെ എണ്ണം 800ൽ നിന്ന് 1000 ആയി ഉയർത്തിയായിരുന്നു തിരഞ്ഞെടുപ്പ്. ഹസ്തദാനം ഒഴിവാക്കിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണവും ഏറെ ശ്രദ്ധ നേടിയിരുന്നു.