lee

ബീജിംഗ്: കൊവിഡ് വ്യാപനം സംബന്ധിച്ച നിർണായക വിവരങ്ങൾ ചൈന മറച്ചു വച്ചെന്ന വെളിപ്പെടുത്തലുമായി ഹോങ്കോംഗ് സ്കൂൾ ഒഫ് പബ്ലിക് ഹെൽത്തിലെ വൈറോളജിസ്റ്റായ ഡോ. ലി മെം‌ഗ് യാൻ രംഗത്ത്.

മാരകമായ വൈറസിനെപ്പറ്റി ചൈനയ്ക്ക് നേരത്തെ അറിയാമായിരുന്നു. എന്നാൽ ലോകാരോഗ്യസംഘടനയുടെ ഉപദേശകനായ പ്രൊഫസർ മാലിക് പെയ്‍‍രിസ് ഇതിനെതിരെ യാതൊരു നടപടിയുമെടുത്തില്ലെന്നും യാൻ വെളിപ്പെടുത്തി. നിലവിൽ അമേരിക്കയിൽ ഒളിവിൽ കഴിയുകയാണ് യാൻ. അമേരിക്കൻ മാദ്ധ്യമമായ ഫോക്സ് ന്യൂസിന്റേതാണ് റിപ്പോർട്ട്.

തന്റെ സഹപ്രവർത്തകർ പുതിയ രോഗത്തെപ്പറ്റി പഠിക്കാൻ വിസമ്മതിച്ചെന്നും പകർച്ചവ്യാധിയുടെ തുടക്കകാലത്ത് താൻ നടത്തിയ ഗവേഷണം അവഗണിക്കപ്പെട്ടെന്നും ഡോ.യാൻ പറഞ്ഞു. വിവരങ്ങൾ തുറന്നു പറഞ്ഞതിനാൽ ജീവൻ അപകടത്തിലാണെന്നും അവർ പറഞ്ഞു.
വൈറസ് സംബന്ധിച്ച എല്ലാ വിവരങ്ങളും ചൈന ലോകത്തിന് നൽകിയെന്ന അവകാശവാദങ്ങൾക്കിടെയാണ് മുതിർന്ന വൈറോളജിസ്റ്റിന്റെ വെളിപ്പെടുത്തൽ.

ലോകത്ത് കൊറോണ വൈറസിനെപ്പറ്റി ഏറ്റവുമാദ്യം ഗവേഷണം നടത്തിയ ശാസ്ത്രജ്ഞരിൽ ഒരാളാണ് താനെന്നാണ് ഡോ.യാൻ അവകാശപ്പെടുന്നത്. ചൈനയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ സുഹൃത്തുക്കൾ ഈ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് പടരുന്നതാണെന്ന് ഡിസംബർ 31ന് വെളിപ്പെടുത്തിയിരുന്നുവെന്നും, എന്നാൽ ജനുവരി 9നു മാത്രമാണ് ചൈനയും ലോകാരോഗ്യസംഘടനയും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചതെന്നും യാൻ പറഞ്ഞു.