ഇന്ത്യൻ ഡോക്ടറുടെ പേര് പരിശീലന ജഴ്സിയിൽ പതിപ്പിച്ച് ഇംഗ്ളണ്ട് ക്രിക്കറ്റ് ക്യാപ്ടൻ ബെൻ സ്റ്റോക്സ്
സതാംപ്ടൺ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നണിപ്പോരാളികൾക്ക് ഇംഗ്ളണ്ട് ക്രിക്കറ്റ് ആദരമർപ്പിച്ചപ്പോൾ തന്റെ പേര് ഇംഗ്ലീഷ് ക്യാപ്ടന്റെ ജഴ്സിയിൽ കണ്ട് കണ്ണുനിറഞ്ഞ് ഇന്ത്യക്കാരനായ ഡോക്ടർ.
വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായുള്ള പരിശീലന സമയത്തെ ജഴ്സിയിലാണ് ആരോഗ്യമേഖലയിലെ പോരാളികളുടെ പേര് പതിപ്പിച്ച് ആദരവ് കാട്ടിയത്. ജോ റൂട്ടിന്റെ അസാന്നിധ്യത്തിൽ ഇംഗ്ലണ്ടിനെ നയിക്കുന്ന ബെൻ സ്റ്റോക്സിന്റെ ജഴ്സിയിൽ ‘വികാസ് കുമാർ’ എന്ന ഇന്ത്യൻ ഡോക്ടറുടെ പേരാണ് പതിപ്പിച്ചിരുന്നത്. സ്കൂളിൽ പഠിക്കുമ്പോൾ ക്രിക്കറ്റ് താരമാകാൻ ആഗ്രഹിച്ചിരുന്ന ഡൽഹി സ്വദേശിയായ വികാസ് രണ്ടുവർഷമായി ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിലെ ഡോക്ടറാണ്.
ഡാർലിംഗ്ടണിലെ എൻ.എച്ച്.എസ് ട്രസ്റ്റ് ഹോസ്പിറ്റലിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ജോലി ചെയ്യുകയാണ് വികാസ് കുമാർ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏറെ ശ്രമകരമായ ജോലിയായിരുന്നു കഴിഞ്ഞ മാസങ്ങളിലെന്ന് വികാസ് വ്യക്തമാക്കുന്നു. കോവിഡ് പ്രതിരോധ പ്രവർത്തകരെ ആദരിക്കാൻ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചപ്പോൾ, ബ്രിട്ടനിലെ ക്രിക്കറ്റ് ക്ലബ്ബുകളാണ് ജഴ്സിയിൽ പേരു ചേർക്കേണ്ട ആരോഗ്യ പ്രവർത്തകരുടെ പേരുകൾ അയച്ചുകൊടുത്തത്. ഇക്കൂട്ടത്തിലാണ് വികാസ് കുമാറിന്റെ പേരും ഉൾപ്പെട്ടത്. ജഴ്സിയിൽ പേരു വന്നപ്പോൾ വികാസ് കുമാറിന് ‘ഇടംലഭിച്ചത്’ സാക്ഷാൽ ബെൻ സ്റ്റോക്സിന്റെ ജഴ്സിയിൽ!
മൂന്നു വർഷം മുൻപ് ഡോക്ടർ എന്ന നിലയിൽ ക്രിക്കറ്റ് താരങ്ങളുമായി അടുത്തിടപഴകാൻ വികാസിന് അവസരം ലഭിച്ചിരുന്നു. അന്ന് ഡൽഹിയില ഫിറോസ് ഷാ കോട്‍ല സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ–ശ്രീലങ്ക മത്സരത്തിൽ ഡ്യൂട്ടി ഡോക്ടറായിരുന്നു.ഭാര്യയ്ക്കും രണ്ടു വയസ്സുള്ള മകനുമൊപ്പം കഴിഞ്ഞ വർഷമാണ് വികാസ് കുമാർ ബ്രിട്ടനിലെത്തിയത്. ക്രിക്കറ്റ് ഇപ്പോഴും കൂടെ കൊണ്ടുനടക്കുന്ന വികാസ്, ബ്രിട്ടനിൽ ഗില്ലി ബോയ്സ് അമച്വർ ക്ലബ്ബിനുവേണ്ടി കളിക്കുന്നുമുണ്ട്.
കോവിഡ് പ്രതിരോധത്തിന്റെ വലിയ സന്ദേശം പേറുന്ന ജഴ്സിയണിഞ്ഞ് സ്റ്റോക്സും കൂട്ടരും പരിശീലിക്കുന്നത് ആവേശം പകരുന്ന കാഴ്ചയായിരുന്നു. ഈ ജോലിയിൽ വളരെ ബുദ്ധിമുട്ടേറിയ ഘട്ടമാണ് കടുന്നപോകുന്നത്. എൻ.എച്ച്.എസ് ജീവനക്കാർ വളരെയധികം ത്യാഗങ്ങളാണ് സഹിച്ചത്. ഇന്ത്യയിലെ എന്റെ ഡോക്ടർ സഹോദരങ്ങൾക്ക് ഉൾപ്പെടെയുള്ള അംഗീകാരമാണ് ഇത്
– വികാസ് കുമാർ