pul

ശ്രീനഗർ:പുൽവാമ മാതൃകയിലുള്ള ചാവേറാക്രമണത്തിന് ഭീകരർ പദ്ധതിയിടുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് കാശ്‌മീരിലാകെ അതീവ ജാഗ്രത.

ബാരാമുള്ളയിലെ പഠാൻ മേഖലയിൽ ദേശീയപാതയിൽ സുരക്ഷാസേനയ്ക്ക് നേരെ കാർബോംബ് ആക്രമണത്തിന് ലഷ്‌കറെ - തയ്‌ബ ഭീകരർ പദ്ധതിയിടുന്നതായാണ് വിവരം. കാശ്‌മീരിലെ നോർത്ത്, സെൻട്രൽ മേഖലകളിൽ കർശന സുരക്ഷ ഏർപ്പെടുത്തി.

ആക്രമണം നടത്തേണ്ട പ്രദേശത്തിന്റെ വിവരങ്ങൾ ഭീകരരുടെ സഹായികളായ ഓവർ ഗ്രൗണ്ട് വർക്കർമാർ ശേഖരിച്ചിട്ടുണ്ട്. റഹ്‌മാൻ ഭായ് എന്ന പാകിസ്ഥാനിയാണ് ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കുക. കൂടാതെ കാശ്‌മീരിലെ നാകയിൽ ആക്രമണത്തിന് ആംബുലൻസിൽ ഭീകരരെ എത്തിക്കാനുള്ള സാദ്ധ്യതയും റിപ്പോർട്ടിലുണ്ട്.

പത്താൻ, സോപോർ, ഹന്ദ്വാര തുടങ്ങിയ മേഖലകളിൽ സുരക്ഷാ സേനയ്ക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സൈനിക വാഹനങ്ങൾ പോകുമ്പോൾ ഹൈവേയിൽ കർശന പരിശോധന വേണമെന്നും നിർദ്ദേശിച്ചു.

അതിനിടെ, സിൽവർ നിറത്തിലുള്ള മാരുതി ആൾട്ടോ കാർ ബാരാമുള്ളയിൽനിന്ന് കാണാതായതായി റിപ്പോർട്ടുണ്ട്. ആക്രമണത്തിന് ഈ കാർ ഉപയോഗിക്കാനുള്ള സാദ്ധ്യതയും സുരക്ഷാസേന പരിശോധിക്കുന്നുണ്ട്. കാശ്‌മീരിൽ കുറച്ചുമാസത്തിനിടെ ഉന്നത കമാൻഡർമാരുൾപ്പെടെ 124 ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. ഇതിന്റെ പ്രതികാരത്തിന് കാത്തിരിക്കുകയാണ് ഭീകരരെന്നാണ് റിപ്പോർട്ടുകൾ.

 നിയന്ത്രണ രേഖയ്ക്ക് സമീപം
രണ്ട് ഭീകരരെ വധിച്ചു

ബാരാമുള്ളയിൽ നുഗം മേഖലയിൽ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ലഷ്കർ ഭീകരരെ സൈന്യം വെടിവച്ചു കൊന്നു. ഇവരിൽ നിന്ന് രണ്ട് എ.കെ. 47 തോക്കുകൾ, നൂറ് കണക്കിന് ബുള്ളറ്റുകൾ, ചൈനീസ് പിസ്റ്റൽ, ഓസ്ട്രിയൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പാകിസ്ഥാനിലെ ആയുധനിർമാണ ശാലയിൽ നിർമിച്ച നാല് ഗ്രനേഡുകൾ, മാസികകൾ എന്നിവയും ഒന്നരലക്ഷത്തോളം രൂപയും കണ്ടെടുത്തു. ഗ്രനേഡുകൾ ഇവരുടെ പാക് ബന്ധത്തിന്റെ തെളിവാണ്.

ഭീകരരിൽ ഒരാൾ 23 വയസുള്ള ഇദ്രീസ് അഹമ്മദ് ഭട്ടാണ്. കുപ്‌വാര സ്വദേശിയായ ഇയാൾ 2018ൽ വാഗ അതിർത്തി വഴി പാകിസ്ഥാനിലേക്ക് പോയതാണ്.

രണ്ടാമത്തെ ഭീകരൻ വിദേശിയാണെന്ന് സംശയിക്കുന്നു.

370 ാം വകുപ്പ് റദ്ദാക്കിയതിന്റെ വാർഷികത്തിൽ കാശ്മീരിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കാനുള്ള പാകിസ്ഥാന്റെ ശ്രമത്തിന്റെ ഭാഗമാണ് ഇവരുടെ നുഴഞ്ഞുകയറ്റമെന്ന് സംശയിക്കുന്നു.

 250-300 ഭീകരർ കാത്തിരിക്കുന്നു

നുഗം മേഖലയിലെ നിയന്ത്രണരേഖയ്ക്ക് സമീപം 250-300 ഭീകരർ നുഴഞ്ഞുകയറാൻ തക്കം പാർത്തിരിക്കുന്നുവെന്നാണ് വിവരം.

- മേജർ ജനറൽ വിരേന്ദ്ര വാട്സ്, ബാരാമുള്ള ഇൻഫൻട്രി ഡിവിഷൻ