jeena-jackson

കൊവിഡ് കാലത്ത് കെ.എസ്.ഇ.ബിയിൽ കായിക കല്യാണങ്ങൾ

തിരുവനന്തപുരം : വധുമാർ രണ്ടും ബാസ്കറ്റ് ബാൾ താരങ്ങൾ. വരന്മാരിലൊരാൾ വോളിബാൾ താരവും. ഇവർ മൂവരും കെ.എസ്.ഇ.ബി ജീവനക്കാർ. കൊവിഡ് കാലമല്ലായിരുന്നെങ്കിൽ കെ.എസ്.ഇ.ബി ജീവനക്കാരും കേരളത്തിലെ കായിക താരങ്ങളും ചേർന്ന് ഇന്നലെ നടന്ന രണ്ട് വിവാഹങ്ങളും അടിച്ചുപൊളിച്ചേനെ...

ഇന്ത്യൻ വനിതാബാസ്കറ്റ് ബാൾ ക്യാപ്ടൻ കൂടിയായ കെ.എസ്.ഇ.ബി താരം പി.എസ്. ജീനയും തൃശൂരിൽ എൻജിനീയറായ ജാക്ക്സൺ സി.ജോൺസണും തമ്മിലുള്ള വിവാഹം ഇന്നലെ മേലൂർ സെന്റ് ജോസഫ്സ് ചർച്ചിലാണ് നടന്നത്. സംസ്ഥാന ബാസ്കറ്റ് ബാൾ ടീമംഗമായ അമൃതയ്ക്ക് വരനായത് കെ.എസ്.ഇ.ബി വോളിബാൾ ടീമിന്റെ സൂപ്പർ താരവും കേരള ക്യാപ്ടനുമായ കെ.ജി. രാകേഷാണ്. തൃപ്രയാറിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ഇരു വിവാഹങ്ങളും.

ഗീതു അന്ന ജോസിന് ശേഷം ആസ്ട്രേലിയൻ പ്രൊഫഷണൽ ലീഗിൽ കളിച്ച ആദ്യ ഇന്ത്യൻ താരമാണ് വയനാട്ടുകാരിയായ ജീന. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിലും 2019ലെ സാഫ് ഗെയിംസിലും ഇന്ത്യൻ ക്യാപ്ടനായിരുന്നു.

തിരുവമ്പാടി പുല്ലൂരാംപാറ സ്വദേശിയായ അമൃത അണ്ടർ -18 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. രാകേഷ് ഇന്ത്യൻ ക്യാമ്പ് അംഗമായിരുന്നു.