ജനീവ: കൊവിഡ് വ്യാപനം തീവ്രമാണെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്ന് ലോകാരോഗ്യ സംഘടന തലവൻ ട്രെഡോസ് അഥനോം. ഇറ്റലി, സ്പെയിൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയും പ്രതിരോധ പ്രവർത്തനങ്ങളിലൂടെ മഹാമാരിയുടെ വ്യാപനം നിയന്ത്രണ വിധേയമാക്കാൻ സാധിക്കുമെന്നതിന്റ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറാഴ്ചക്കുള്ളിൽ രോഗികളുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർദ്ധനവുണ്ടായി. എങ്കിലും ഈ രാജ്യങ്ങളും പ്രദേശങ്ങളും കൊവിഡ് പ്രതിരോധത്തിൽ മികച്ച മാതൃക സൃഷ്ടിച്ചു. അതുപോലെ മറ്റു സ്ഥലങ്ങളിലും കൊവിഡിനെ പ്രതിരോധിക്കാൻ കഴിയും -അദ്ദേഹം പറഞ്ഞു. സമൂഹവ്യാപനം ഒഴിവാക്കാൻ ഈ സ്ഥലങ്ങൾ ശ്രദ്ധിച്ചു. പരിശോധന, സമ്പർക്കം പുലർത്തിയവരെ കണ്ടെത്തൽ, നിരീക്ഷണം, ചികിത്സ തുടങ്ങിയവയിലൂടെ രോഗം പടർന്നുപിടിക്കാതിരിക്കാനുള്ള സാദ്ധ്യത ഇവിടങ്ങളിൽ ഒഴിവാക്കി. ദേശീയ ഐക്യവും ആഗോളതലത്തിലെ കൂട്ടായ്മയും മുൻനിറുത്തിയുള്ള പ്രതിരോധപ്രവർത്തനങ്ങളാണ് കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടാനുള്ള പോംവഴിയെന്നും അഥനോം കൂട്ടിച്ചേർത്തു.