bsnl

മുംബയ്: കടപ്പത്രങ്ങളിലൂടെ 15,​000 കോടി രൂപ സമാഹരിക്കാൻ പൊതുമേഖലാ ടെലികോം കമ്പനികളായ ബി.എസ്.എൻ.എല്ലിനും എം.ടി.എൻ.എല്ലിനും ധനമന്ത്രാലയത്തിന് കീഴിലെ സാമ്പത്തികകാര്യ വകുപ്പിന്റെ ഗ്യാരന്റി. ബി.എസ്.എൻ.എൽ 8,​500 കോടി രൂപയും എം.ടി.എൻ.എൽ 6,​500 കോടി രൂപയുമാണ് സമാഹരിക്കുക. കടബാദ്ധ്യത പുനഃക്രമീകരിക്കാനും 4ജി സേവനങ്ങൾക്ക് തുടക്കമിടാനുമായി കടപ്പത്രങ്ങളിറക്കാൻ അനുവദിക്കണമെന്ന് ധനമന്ത്രാലയത്തോട് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

സമാഹരിക്കുന്ന തുകയ്ക്കും പലിശയ്ക്കുമാണ് കേന്ദ്ര ഗ്യാരന്റി. പണം,​ കൃത്യമായി പ്രയോജനപ്പെടുത്താൻ ടെലികോം മന്ത്രാലയം മേൽനോട്ടം വഹിക്കും. പണംതിരിച്ചടവിൽ വീഴ്‌ചയുണ്ടായാൽ 60 ദിവസത്തിനുള്ളിൽ ഗ്യാരന്റി തുകയിൽ നിന്ന് സർക്കാർ വീട്ടും. ബി.എസ്.എൻ.എല്ലും എം.ടി.എൻ.എല്ലും തമ്മിൽ ലയിപ്പിക്കുമെന്ന് കഴിഞ്ഞ ഒക്‌ടോബറിൽ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ലയന നടപടികളുടെ ഭാഗമായാണ് 15,​000 കോടി രൂപ കടപ്പത്രങ്ങളിലൂടെ സമാഹരിക്കുമെന്നും കേന്ദ്രം പ്രഖ്യാപിച്ചത്.

ലയന വഴികൾ

നാലു വഴികളിലൂടെയാണ് ബി.എസ്.എൻ.എല്ലും എം.ടി.എൻ.എല്ലും തമ്മിൽ ലയിക്കുകയെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഇരു കമ്പനികളെയും കരകയറ്റാൻ 29,937 കോടി രൂപ വേണം. ഇതു കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കടപ്പത്രമിറക്കുന്നത്. കമ്പനിയുടെ സ്വത്ത് വിറ്റ് 4 വർഷത്തിനുള്ളിൽ 38,​000 കോടി രൂപ കണ്ടെത്തും. 2016ലെ നിരക്കിൽ 4ജി സ്‌പെക്‌ട്രം നൽകും. ഇതിനായി 20,140 കോടി രൂപ സർക്കാർ ചെലവഴിക്കും. ജി.എസ്.ടിയായ 3,674 കോടി രൂപയും സർക്കാർ വഹിക്കും. ജീവനക്കാർക്ക് പിരിയാൻ ആകർഷകമായ വി.ആർ.എസ് പദ്ധതി പ്രഖ്യാപിച്ചതായിരുന്നു നാലാമത്തെ വഴി.