tig

ന്യൂഡൽഹി: രാജ്യത്ത് നടത്തിയ 2018-19 കാലത്തെ കടുവകളുടെ എണ്ണം തിട്ടപ്പെടുത്താൻ നടത്തിയ സെൻസസ് ഗിന്നസ് ബുക്കിൽ ഇടം നേടി. ക്യാമറകൾ ഉപയോഗിച്ച് നടത്തിയ ഏറ്റവും വലിയ വന്യജീവി സർവേ എന്ന റെക്കോഡാണ് ലഭിച്ചത്. രാജ്യത്തെ കടുവ സെൻസസിന്റെ നാലാം പതിപ്പായിരുന്നു 2018-19ൽ നടന്നത്. ഇത് ശേഖരിച്ച ഡാറ്റയുടെ കാര്യത്തിലും, ഉപയോഗിച്ച സൗകര്യങ്ങളുടെ കാര്യത്തിലും ഇന്നുവരെ ലോകത്ത് നടന്ന ഏറ്റവും സമഗ്രമായ വന്യജീവി സർവേ എന്നാണ് ഗിന്നസ് അധികൃതർ വിശേഷിപ്പിക്കുന്നത്. മോഷൻ സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 26,838 ക്യാമറ ട്രാപ്പുകളാണ് ഈ സർവേയ്ക്കായി ഉപയോഗിച്ചത്. രാജ്യത്തെ 141 സ്ഥലങ്ങളിലെ 46,848 ചതുരശ്ര കിലോമീറ്റർ പരിധിയിലാണിത് സ്ഥാപിച്ചത്. 34,858,623 ചിത്രങ്ങളാണ് പകർത്തിയത്. ഇതിൽ 76,651 ചിത്രങ്ങൾ കടുവയുടെയും, 51,777 ചിത്രങ്ങൾ പുലികളുടേതുമാണ്. ബാക്കിയുള്ള ചിത്രങ്ങൾ മറ്റു ജീവികളുടെയാണ്. ഇത്തരം ചിത്രങ്ങളിൽ നിന്നും വനംവകുപ്പ് കുട്ടി കടുവകൾ അടക്കം 2,461 കടുവകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ക്യാമറ ട്രാപ്പിന് പുറമേ 2018ൽ കടവുകളുടെ കാലടികളുടെ പരിശോധനയും നടത്തിയിരുന്നു. ഇത്തരത്തിൽ 522,996 കിലോമീറ്റർ ചുറ്റളവിൽ കടുവകളുടെ 317,958 കാല്‍പ്പാടുകൾ പരിശോധിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങൾ മൂന്ന്ഘട്ടമായി പരിശോധിച്ചാണ് അന്തിമ സർവേ റിപ്പോർട്ട് തയ്യാറാക്കിയത്. ഇതിൽ മുൻകാലത്തെ അപേക്ഷിച്ച് ഇന്ത്യയിൽ കടുവകളുടെ എണ്ണം വർദ്ധിച്ചെന്ന് കണ്ടെത്തി. 2014 ലെ സർവേയിൽ കണ്ടെത്തിയത് 2,226 കടുവകളായിരുന്നു. 2018 ലെ ഗിന്നസ് റെക്കോഡ് സർവേയിൽ ഇത് 2927 ആയി ഉയർന്നിട്ടുണ്ട്. ഇന്ത്യയിലെ കടുവകളിൽ സിംഹ ഭാഗവും മദ്ധ്യപ്രദേശ്, കർണാടക, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ്. ഈ സംസ്ഥാനങ്ങളിൽ മാത്രം 1492 കടുവകൾ ഉണ്ടെന്നാണ് 2018ലെ സർവേ പറയുന്നത്.