dubey

കാൺപൂർ: യു.പിയിലെ കൊടുംകുറ്റവാളി വികാസ് ദുബെയെ വധിച്ച പൊലീസ് ഏറ്റുമുട്ടലിനെക്കുറിച്ചുള്ള സംശയങ്ങൾ ബലപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. മദ്ധ്യപ്രദേശിൽ അറസ്റ്റിലായ വികാസ് ദുബെയുമായി കാൺപൂരിലേക്ക് മടങ്ങുന്നതിനിടെ ദുബെ സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞെന്നും പരിക്കേറ്റ പൊലീസുകാരിൽ നിന്നും തോക്ക് തട്ടിയെടുത്ത് രക്ഷപെടാൻ ശ്രമിച്ച ദുബെ ഏറ്റുമുട്ടലിൽ മരിച്ചെന്നുമാണ് പൊലീസ് വാദം. പുലർച്ചെ നാലിന് മൂന്ന് കാറുകൾ ഒരു ടോൾബൂത്ത് കടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ അപകടത്തിൽ മറിഞ്ഞ കാറിലല്ല,​ മറ്റൊരു കാറിലാണ് ദുബെയുള്ളത് . എന്നാൽ,​ കാർ മാറ്റത്തെക്കുറിച്ച് വിശദീകരിക്കാൻ പൊലീസ് തയാറായിട്ടില്ല. ഏറ്റുമുട്ടലിന് അരമണിക്കൂർ മുമ്പുള്ള മറ്റൊരു വീഡിയോയിൽ പൊലീസിന്റെ വാഹനവ്യൂഹത്തെ പിന്തുടർന്ന മാദ്ധ്യമസംഘത്തെ തടഞ്ഞു നിറുത്തിയിരിക്കുന്നതും കാണാം. പ്രദേശത്ത് വെടിയൊച്ച കേട്ടിരുന്നെന്നും എന്നാൽ,​ അവിടെനിന്ന് പോകാൻ പൊലീസ് അവശ്യപ്പെട്ടതായും കഴിഞ്ഞദിവസം ദൃക്‌സാക്ഷി വെളിപ്പെടുത്തിയിരുന്നു. അതേസമയം,​ ഏറ്റുമുട്ടൽ വ്യാജമായിരുന്നെന്ന് ആരോപിച്ച് നിരവധിപേർ രംഗത്തെത്തി. ദുബെയ്ക്ക് സംരക്ഷണം നൽകണമെന്നും അടുത്തിടെ നടന്ന പൊലീസ് ഏറ്റുമുട്ടലുകളെ കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി എത്തിയിരുന്നു.

 ഭർത്താവ് തെറ്റുചെയ്തു,​ എല്ലാംവിധി: ഭാര്യ

തന്റെ ഭർത്താവ് നിരവധി തെറ്റുകൾ ചെയ്‌തിരുന്നെന്നും അദ്ദേഹം ഇത്തരമൊരു വിധിക്ക് അർഹനായിരുന്നുവെന്നും വികാസ് ദുബെയുടെ ഭാര്യ റിച്ച. ദുബെയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങവെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവ‌ർ. ദുബെയെ വെടിവെച്ച് കൊന്നതിൽ മാദ്ധ്യമങ്ങൾക്കും പങ്കുണ്ടെന്നും അവർ ആരോപിച്ചു. കനത്ത സുരക്ഷയിൽ ഭൈരവ് ഘാട്ടിൽ വച്ചായിരുന്നു ദുബെയുടെ സംസ്‌കാര ചടങ്ങുകൾ നടത്തിയത്.

 രണ്ടുപേർ കൂടി അറസ്റ്റിൽ

കാൺപൂരിൽ എ​ട്ടു പൊ​ലീ​സു​കാ​രെ വെ​ടി​വെ​ച്ചു​കൊ​ന്ന കേസിലെ പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച മദ്ധ്യപ്രദേശ് സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓം പ്രകാശ് പാണ്ഡെ, അനിൽ പാണ്ഡെ എന്നിവരാണ് പിടിയിലായത്. ശശികാന്ത് പാണ്ഡെ, ശിവം ദുബെ എന്നീ പ്രതികളെയാണ് ഇവർ ഗ്വാളിയോറിലെ വീട്ടിൽ ഒളിവിൽ താമസിപ്പിച്ചത്.