parliament

ന്യൂഡല്‍ഹി: പി.എം കെയേഴ്സ് ഫണ്ട് സി.എ.ജി. ഓഡിറ്റ് ചെയ്യണമെന്ന ആവശ്യം നിരസിച്ച് ബി.ജെ.പി. വെള്ളിയാഴ്ച നടന്ന പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി യോഗത്തിലാണ് പി.എം. കെയേഴ്‌സ് ഫണ്ട് ഓഡിറ്റ് ചെയ്യണമെന്ന ആവശ്യം ബി.ജെ.പി അംഗങ്ങള്‍ നിരസിച്ചത്. കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ വാക്പോര് നടന്നെങ്കിലും കൊവിഡ്-19 സംബന്ധിച്ച സാഹചര്യം ചര്‍ച്ചചെയ്യാനും പി.എ.സി യോഗം തയ്യാറായില്ല.കൊവിഡ് -19, പി.എം കെയേഴ്സ് ഫണ്ട് തുടങ്ങിയ വിഷയങ്ങളില്‍ ജനഹിതം അറിഞ്ഞ് പ്രവര്‍ത്തിക്കാനും വിഷയത്തില്‍ സമവായത്തിലെത്താനും കോണ്‍ഗ്രസ് എം.പി. അധീര്‍ രഞ്ജന്‍ ചൗധരി അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു.കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് യോഗം വിലയിരുത്തല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍, ബി.ജെ.പി അംഗങ്ങള്‍ ശക്തമായി പ്രതിരോധിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി സി.എ.ജി ഓഡിറ്റ് ചെയ്യാത്ത സാഹചര്യത്തില്‍ പി.എം കെയേഴ്‌സ് ഫണ്ട് ഓഡിറ്റ് ചെയ്യേണ്ടതില്ലെന്ന് രാജ്യസഭാ എം.പി ഭൂപേന്ദര്‍ യാദവ് ചൂണ്ടിക്കാട്ടി. മറ്റു ബി.ജെ.പി എം.പിമാരും അദ്ദേഹത്തെ പിന്തുണച്ചു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്നും ബി.ജെ.പി നിലപാടെടുത്തു. സി.എ.ജി ഓഡിറ്റ് ചെയ്ത സര്‍ക്കാര്‍ ധനവിനിയോഗം സംബന്ധിച്ച വിഷയങ്ങള്‍ മാത്രമാണ് കമ്മിറ്റി പരിശോധിക്കേണ്ടതെന്ന് ഭൂപേന്ദര്‍ യാദവ് ചൂണ്ടിക്കാട്ടി. ഇരുപത് അംഗങ്ങളുള്ള പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിയില്‍ 12 ബി.ജെ.പി അംഗങ്ങളും ബാക്കി പ്രതിപക്ഷാംഗങ്ങളുമാണുള്ളത്. വെള്ളിയാഴ്ച നടന്ന യോഗത്തില്‍ ബി.ജെ.പിയുടെ എല്ലാ അംഗങ്ങളും പങ്കെടുക്കുകയും ചെയ്തിരുന്നു.