ന്യൂഡൽഹി : വരുന്ന സീസണിലെ ഐ ലീഗ് ഫുട്ബാൾ മത്സരങ്ങളും ഒറ്റ വേദിയിൽ നടത്താൻ ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ആലോചിക്കുന്നു. കൊൽക്കത്തയാണ് മുഖ്യമായും വേദിയായി പരിഗണിക്കുന്നത്. ഐ.എസ്.എൽ ഗോവയിൽ ഇതേ രീതിയിൽ നടത്താൻ ഏറെക്കുറെ ധാരണയായിട്ടുണ്ട്. ഗോവയിൽ തടസങ്ങൾ നേരിട്ടാൽ കേരളത്തെയും പരിഗണിക്കും.
മത്സരങ്ങളും പരിശീലനവും നടത്താൻ അടുത്തടുത്ത് ആവശ്യമായ സ്റ്റേഡിയങ്ങൾ ഉള്ളത് പരിഗണിച്ചാണ് കൊൽക്കത്തയും ഗോവയും വേദികളാക്കാൻ ഫെഡറേഷൻ താത്പര്യപ്പെടുന്നത്. ഒക്ടോബറിലാണ് ഐ.എസ്.എൽ തുടങ്ങേണ്ടത്. ഇതിന് മുമ്പ് കളിക്കാരെ മത്സരം നടക്കുന്ന നഗരത്തിൽ എത്തിച്ച് ക്വാറന്റൈനിൽ ആക്കിയ ശേഷം കൊവിഡ് പരിശോധനയും നടത്തിയേ ലീഗുകൾ തുടങ്ങുകയുള്ളൂ.