ജയ്‌പൂർ: രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ മറിച്ചിടാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അശോക് ഗെഹ്‌ലോട്ട് സർക്കാരിനെ മറിച്ചിടാനായി രണ്ട് കോൺഗ്രസ് എം.എൽ.എമാരെ വിലയ്ക്കെടുക്കാൻ ശ്രമിച്ചെന്നാരോപിച്ച് രണ്ടുപേർക്കെതിരെ സംസ്ഥാന പൊലീസിലെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്.ഒ.ജി) കേസെടുത്തത്. ഇതിൽ മുഖ്യമന്ത്രിയുടെയും ഉപ മുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെയും വിശദീകരണങ്ങൾ തേടി എസ്.ഒ.ജി നോട്ടീസ് നൽകിയിരുന്നു. ഇതിനു മറുപടിയായാണ് മുഖ്യമന്ത്രി ഗെഹ്‌ലോട്ടിന്റെ പ്രസ്താവന. മുഖ്യമന്ത്രിയുടെ വാദം ചില എം.എൽ.എമാരും പിന്തുണച്ചു. എന്നാൽ കോൺഗ്രസിനുള്ളിലെ ആഭ്യന്തര കലാപം മറച്ചുവയ്ക്കാനാണ് ഇത്തരമൊരു ആരോപണം തങ്ങൾക്ക് നേരെ ഉന്നയിക്കുന്നതെന്നാണ് ബി.ജെ.പി നേതാക്കളുടെ പ്രതികരണം.