ഡിപോർട്ടീവോ അലാവേസിനെ 2-0ത്തിന് കീഴടക്കിയ റയൽ നാലുപോയിന്റ് ലീഡിൽ
മാഡ്രിഡ് : സീസണിൽ മൂന്ന് മത്സരങ്ങൾ കൂടി അവശേഷിക്കവേ നാലുപോയിന്റ് ലീഡുമായി റയൽ മാഡ്രിഡ് സ്പാനിഷ് ലാ ലിഗ കിരീടത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഡിപോർട്ടീവോ അലാവേസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയ റയലിന് 35 മത്സരങ്ങളിൽ നിന്ന് 80 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയ്ക്ക് ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് 76 പോയിന്റേയുള്ളൂ.
ആദ്യപകുതിയിൽ പെനാൽറ്റിയിൽ നിന്ന് കരിം ബെൻസേമയും രണ്ടാം പകുതിയിൽ അസൻഷ്യോയും നേടിയ ഗോളുകൾക്കായിരുന്നു റയലിന്റെ ജയം.11-ാം മിനിട്ടിലായിരുന്നു ബെൻസേമയുടെ ഗോൾ. 50-ാം മിനിട്ടിൽ അസൻഷ്യോയും വലകുലുക്കി.
14-ാം തീയതി ഗെറ്റാഫെയ്ക്കെതിരെയാണ് റയലിന്റെ അടുത്ത മത്സരം.വിയ്യാറയൽ , ലെഗാനെസ് എന്നിവർക്കെതിരെയാണ് മറ്റ് രണ്ട് മത്സരങ്ങൾ . ബാഴ്സയ്ക്ക് വല്ലഡോലിഡ്,ഒസാസുന , അലാവേസ് എന്നിവർക്കെതിരെയാണ് മത്സരങ്ങൾ ശേഷിക്കുന്നത്.ഇൗ മാസം 19നാണ് ലീഗിലെ അവസാന മത്സരങ്ങൾ.
ഗോളുകൾ ഇങ്ങനെ
1-0
11-ാം മിനിട്ട്
ബെൻസേമ
പന്തുമായി മുന്നേറിയ ഫെർലാൻഡ് മെൻഡിയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി കിക്കാണ് സ്ഥിരം നായകനും പെനാൽറ്റി ടേക്കറുമായ റാമോസിന് പകരം ആം ബാൻഡ് അണിഞ്ഞ ബെൻസേമ വലയിലാക്കിയത്.
2-0
50-ാം മിനിട്ട്
അസൻഷ്യോ
ഒാഫ് സൈഡ് ട്രാപ്പ് തകർത്ത് പന്തുമായി ഒാടിക്കയറിയ ബെൻസേമ നൽകിയ സ്ക്വയർ പാസാണ് അസൻഷ്യോ ഗോളാക്കി മാറ്റിയത്.
8
ലോക്ക്ഡൗൺ കഴിഞ്ഞ് ലാ ലിഗ മത്സരങ്ങൾ പുനരാരംഭിച്ച ശേഷമുള്ള റയൽ മാഡ്രിഡിന്റെ തുടർച്ചയായ എട്ടാം ജയമാണിത്.
33
തവണ ലാ ലിഗ കിരീടങ്ങൾ നേടിക്കഴിഞ്ഞ ടീമാണ് റയൽ മാഡ്രിഡ്.
3
തുടർച്ചയായ മൂന്നാം മത്സരത്തിലാണ് റയൽ പെനാൽറ്റിയിലൂടെ ഗോൾ നേടുന്നത്.