dutee-chand

കൊവിഡ് പ്രതിസന്ധിയിൽ പരിശീലനത്തിന് പണമില്ലെന്ന ഫേസ്ബുക്ക് പോസ്റ്ര് വിവാദമായതോടെ പിൻവലിച്ചു

ഭുവനേശ്വര്‍ : കൊവിഡ് പ്രതിസന്ധിയിൽ പരിശീലനത്തിന് പണമില്ലാത്തതിനാൽ തന്റെ ബി.എം.ഡബ്ല്യു കാർ ഫേസ്ബുക്കിലൂടെ വില്പനയ്ക്ക് വച്ച് ഇന്ത്യൻ സൂപ്പർ സ്പ്രിന്റർ ദ്യുതി ചന്ദ്. എന്നാൽ സംഭവം വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സ്പോൺസർമാരെ കിട്ടാതെ വരികയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിലാണ് ബി.എം.ഡബ്ല്യു വിൽക്കാൻ താരം തീരുമാനിച്ചത്. 2015ലാണ് ബി.എം.ഡബ്ല്യു 3 സീരിസ് കാർ ദ്യുതി വാങ്ങിയത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഒഡിയ ഭാഷയിലാണ് കാർ വില്പനയ്ക്കെന്ന വിവരം ദ്യുതി പോസ്റ്ര് ചെയ്തത്. ബി.എം.ഡബ്ല്യു കാറിന് മുന്നിൽ ദ്യുതി നിൽക്കുന്ന ചിത്രവും ഉണ്ടായിരുന്നു.

തന്റെ ബി.എം.ഡബ്ല്യുക്കാർ വില്പനയ്ക്ക് വച്ചിരിക്കുകയാണെന്നും താത്പര്യമുള്ളവർ മെസഞ്ചറിലൂടെ ബന്ധപ്പെടാനുമാണ് ചിത്രത്തോടൊപ്പം ദ്യുതി കുറിച്ചത്.

ദ്യുതിക്ക് സർക്കാർ ആവശ്യമായ സഹായം നൽകണമെന്നാവശ്യപ്പെട്ട് നിരവധിപ്പേർ ഈ പോസ്റ്റിന് താഴെ കമന്റുകളുമായെത്തി. എന്നാൽ സംഭവം വിവാദമായതോടെ ഈ പോസ്റ്ര് ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു.

കൊവിഡ് പ്രതിസന്ധിയിൽ സ്പോൺസറെ കിട്ടുന്നില്ലെന്നും മാറ്രിവച്ച ടോക്കിയോ ഒളിമ്പിക്സിനായുള്ള തയ്യാറെടുപ്പിലാണ് താനെന്നും അതിനായി പരിശീലനത്തിനും മറ്രുമായി ധാരാളം പണം ആവശ്യമായതിനാലാണ് ബി.എം.ഡബ്ല്യു വില്പനയ്ക്ക് വച്ചതെന്നും ദ്യുതി ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. ഒരു മാസം അഞ്ചു ലക്ഷം രൂപയാണ് പരിശീലക സംഘത്തിന്റെ ശമ്പളത്തിനായും മറ്റും വേണ്ടിവരുന്നതെന്ന് താരം പറയുന്നു. സഹായത്തിനായി സർക്കാരിനെ സമീപിച്ചെങ്കിലും അവരും സാമ്പത്തിക ഞെരുക്കത്തിലാണെന്ന മറുപടിയാണ് ലഭിച്ചതെന്നും ദ്യുതി കൂട്ടിച്ചേർത്തു.

ഏഷ്യൻ ഗെയിംസിലെ മികച്ച പ്രകടനത്തെ തുടർന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക് നൽകിയ

മൂന്നു കോടി രൂപയുടെ സമ്മാനത്തുക ഉപയോഗിച്ചാണ് ദ്യുതി കാർ വാങ്ങിയത്. ഈ തുക ഉപയോഗിച്ച് ദ്യുതി വീട് പണിയുകയും ചെയ്തിരുന്നു.