തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഒൻപതാമത് സഫ്രഗൻ മെത്രാപ്പോലീത്തയായി ഡോ ഗീവർഗീസ് മാർ തിയഡോഷ്യസ് എപ്പിസ്‌കോപ്പ ഇന്ന് സ്ഥാനമേൽക്കും. സഭാ ആസ്ഥാനത്തെ പുലത്തീൻ ചാപ്പലിൽ രാവിലെ 9ന് വിശുദ്ധ കുർബാന മദ്ധ്യേ സ്ഥാനാരോഹണ ശുശ്രൂഷ നടക്കും. സഭാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായാണ് ചടങ്ങ്. നിലവിൽ മുംബയ്, റാന്നി-നിലയ്ക്കൽ ഭദ്രാസനങ്ങളുടെ അദ്ധ്യക്ഷനാണ്.
1949 ഫെബ്രുവരി 19ന് കൊല്ലം പെരുനാട് അഷ്ടമുടി കിഴക്കേ ചക്കാലയിൽ ഡോ.കെ.ജെ.ചാക്കോയുടെയും മറിയാമ്മയുടെയും മകനായാണ് തിയഡോഷ്യസ് (ജോർജ്ജ് ജേക്കബ്) മെത്രാപ്പോലീത്തയുടെ ജനനം. തിരുവല്ല മാർത്തോമ്മാ കോളേജിൽ നിന്ന് ബി.എ ബിരുദവും ജബൽപൂർ ലിയോനാർഡ് തിയോളജി കോളേജിൽ നിന്ന് ബി.ഡി.ബിരുദവും നേടി. 72ൽ ശെമ്മാശ പട്ടവും 73ൽ കശ്ശീശാപട്ടവും സ്വീകരിച്ചു. 1979ൽ ശാന്തിനികേതനിലെ വിശ്വഭാരതി യൂണിവേഴ്‌സിറ്റിയിൽ മതങ്ങളുടെ താരതമ്യപഠനം നടത്തി. സമൂഹ നവോത്ഥാനത്തിൽ ശ്രീനാരായണ ഗുരുവിന്റെ സ്വാധീനം `എന്ന വിഷയത്തിൽ കാനഡയിലെ മെക് - മാസ്റ്റർ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. തെക്കൻ തിരുവിതാംകൂറിലെ ഈഴവരുടെ മതപരമായ ജീവിതത്തിലുണ്ടായ മാറ്റവും അവസ്ഥയും എന്ന വിഷയത്തിൽ പ്രബന്ധം തയ്യാറാക്കി. തുടർന്ന് ടൊറന്റോ, നന്തൻകോട് ഇടവകകളിൽ വികാരിയായി. 89 നവംബർ നാലിന് റമ്പാനായും ഡിസംബർ 9ന് എപ്പിസ്കോപ്പയായും അഭിഷേകം ചെയ്തു. മദ്രാസ്, കുന്നംകുളം, മലബാർ, തിരുവനന്തപുരം-കൊല്ലം, യൂറോപ്പ് ഭദ്രാസനങ്ങളുടെ അദ്ധ്യക്ഷനായിരുന്നു.
ശ്രീനാരായണഗുരു-പ്രവാചക സങ്കൽപ്പത്തിന്റെ കേരളീയ ആവിഷ്കാരം എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. . മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ശതാബ്ദിയോടനുബന്ധിച്ച് ട്രാൻസ്‌ജെൻഡർമാരുടെ ഉന്നമനത്തിനായി സഭ ആരംഭിച്ച പദ്ധതിയുടെ ചെയർമാനായും സേവനം അനുഷ്ഠിക്കുന്നു.