സതാംപ്ടൺ : കൊവിഡ് ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ വെസ്റ്റ് ഇൻഡീസിനെതിരെ ആതിഥേയരായ ഇംഗ്ളണ്ട് പൊരുതുന്നു. രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ളണ്ട് നാലാം ദിവസം ഒടുവിൽ വിവരം ലഭിക്കുമ്പോൾ 284/8 എന്ന നിലയിലാണ്.170 റൺസ് ലീഡ് ഇംഗ്ളണ്ടിന് ഇപ്പോഴുണ്ട്.
ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ളണ്ട് 204 റൺസിന് ആൾഒൗട്ടാവുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ ജാസൺ ഹോൾഡറുടെയും നാല് വിക്കറ്റ് നേടിയ ഷാനോൺ ഗബ്രിയേലിന്റെയും ബൗളിംഗിന് മുന്നിലാണ് ആതിഥേയർ മുട്ടിടിച്ച് വീണത്.തുടർന്ന് വിൻഡീസ് 318 റൺസിൽ ആൾഒൗട്ടായി 114 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി.
ആദ്യ ഇന്നിംഗ്സിലെ തകർച്ചയിൽ നിന്ന് പാഠം പഠിച്ച ഇംഗ്ളണ്ട് രണ്ടാം ഇന്നിംഗ്സിൽ സൂക്ഷമതയോടെയാണ് ബാറ്റുവീശിയത്.15/0 എന്ന നിലയിൽ ഇന്നലെ ബാറ്റിംഗ് പുനരാരംഭിക്കാനെത്തിയ ഒാപ്പണർമാരായ റോറി ബേൺസും (42), ഡോം സിബിലിയും (50) ഫസ്റ്റ് സെഷനിൽ നാലോവർകൂടി ശേഷിക്കുംവരെ പിടിച്ചുനിന്ന് 72 റൺസ് കൂട്ടിച്ചേർത്തു.104 പന്തുകളിൽ നിന്ന് അഞ്ച് ബൗണ്ടറികൾ പായിച്ചിരുന്ന ബേൺസാണ് ആദ്യം മടങ്ങിയത്.റോൾട്ടൺ ചേസിന്റെ പന്തിൽ ക്യാംപ്ബെലിന് ക്യാച്ച് നൽകിയാണ് ബേൺസ് പുറത്തായത്.കരിയറിലെ ആദ്യ അർദ്ധസെഞ്ച്വറി തികച്ചയുടൻ സിബിലി കൂടാരം കയറി. ആദ്യ ഇന്നിംഗ്സിൽ ക്ളീൻ ബൗൾഡാക്കിയ ഷാനോൺ ഗബ്രിയേൽ ഇന്നലെ സിബിലിയെ വിക്കറ്റ് കീപ്പർ ഡോർവിച്ചിന്റെ കയ്യിലെത്തിക്കുകയായിരുന്നു.തുടർന്ന് ക്രീസിലൊരുമിച്ച ജോ ഡെൻലിയും (29) സാക്ക് ക്രാവ്‌ലിയും (76) ക്യാപ്ടൻ ബെൻ സ്റ്റോക്സും (46)ചേർന്ന് ഇംഗ്ളണ്ടിനെ ലീഡിലേക്ക് എത്തിച്ചു.
ഒരു ഘട്ടത്തിൽ 249/3 എന്ന നിലയിലായിരുന്ന ഇംഗ്ളണ്ടിന് അവസാന സെഷനിൽ അഞ്ചുവിക്കറ്റുകൾ നഷ്ടമായി.ഗബ്രിയേൽ മൂന്ന് വിക്കറ്റും ചേസ്,അൽസാരി ജോസഫ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.