pic

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കൊവിഡ് സ്ഥിതി അതീവരൂക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 69 പേരില്‍ 46 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇവരില്‍ 11 പേര്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകളിലും ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളിലും ബഫര്‍ സോണുകളിലുമായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമായി തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒമ്പത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 45 വാര്‍ഡുകളാണ് ഇതുവരെ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവിടങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ച് ജനങ്ങളിൽ അവബോധം വര്‍ധിപ്പിക്കുന്നതിനായി നോട്ടീസ് വിതരണം, മൈക്ക് അനൗണ്‍സ്‌മെന്റ്, സോഷ്യല്‍മീഡിയാ പ്രചരണം, മാദ്ധ്യമങ്ങളിലൂടെയുള്ള അറിയിപ്പ് എന്നിവ നടത്തുന്നുണ്ട്. അതോടൊപ്പം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്വിക്ക് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. റവന്യു- പോലീസ്- ആരോഗ്യ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ചുളള ക്വിക്ക് റെസ്‌പോണ്‍സ് ടീം 24 മണിക്കൂറും പ്രവർത്തിക്കും. ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണിലേക്കുള്ള ചരക്ക് വാഹന നീക്കം, വെള്ളം, വൈദ്യുതി തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും ഈ സംഘം നിരീക്ഷിക്കും.ഇന്നലെ വരെയുള്ള ജില്ലയിലെ കണക്ക് അനുസരിച്ച് 18828 പേര്‍ വീടുകളിലും 1901 പേര്‍ വിവിധ സ്ഥാപനങ്ങളിലുമായി നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

സൂപ്പർ സ്‌പ്രഡ് റിപ്പോർട്ട് ചെയ്ത പൂന്തുറയില്‍ ഇതുവരെ1366 ആന്റിജന്‍ പരിശോധനകള്‍ നടത്തിയിട്ടുണ്ട്. അതില്‍ 262 കേസുകള്‍ പോസിറ്റീവാണെന്നും പരിശോധന ഇപ്പോഴും തുടരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. 150 കിടക്കകളുള്ള ഒരു ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ അടിയന്തര പ്രാധാന്യത്തോടെ പൂന്തുറയില്‍ സജ്ജമാക്കുമെന്നും കണ്‍ട്രോള്‍ റൂമും ഹെല്‍പ് ഡെസ്‌കും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകളില്‍ രോഗവ്യാപന തോതില്‍ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കര്‍ക്കശമാക്കിയത്.

അതേസമയം ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് ആലപ്പുഴ ജില്ലയിലാണ്. ഇവിടെ 87 പുതിയ രോഗികളാണുളളത്.ഇതിൽ 51 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. താമരക്കുളം ഐ.ടി.വി.പി ക്യാമ്പും കായംകുളം മാർക്കറ്റുമാണ് രോഗവ്യാപന കേന്ദ്രങ്ങളായി കണ്ടെത്തിയിട്ടുളളത്. ജില്ലയിൽ രണ്ട് മത്സ്യതൊഴിലാളികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒരാളുടെ കുടുംബാംഗങ്ങളിലും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.