കൊച്ചി: നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസിൽ ഭീകരബന്ധത്തിന്റെ കണ്ണിയായ ഫാസിൽ ഫരീദുമായി ദുബായിൽ സ്വപ്‌നയ്ക്കൊപ്പം കൂടിക്കാഴ്ച നടത്തിയെന്ന് ഒന്നാം പ്രതി സരിത്ത് കസ്‌റ്റംസിനോട് സമ്മതിച്ചു. ഫാസിൽ അടുത്തിടെ കേരളത്തിലെത്തിയിരുന്നെന്നും ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും കൂടി സരിത്ത് വെളിപ്പെടുത്തിയതോടെ, രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായ വൻ മാഫിയയാണ് സ്വർണക്കടത്തിന് പിന്നിലെന്ന് തെളിയുകയാണ്. കേസിൽ മൂന്നാം പ്രതിയാണ് ഫാസിൽ. സ്വപ്ന രണ്ടാം പ്രതിയും. ഫാസിലിനെ പിടികൂടിയാലേ കള്ളക്കടത്തിന്റെ പൂർണ വിവരം ലഭിക്കൂ. ഇതിനായി എൻ.ഐ.എ സംഘം ദുബായിലേക്കു പോകുമെന്നാണറിയുന്നത്. ഫാസിലിനെതിരെ നേരത്തെ ഡയറക്‌ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇന്നലെ സരിത്തിനെ കൊച്ചി കസ്‌റ്റംസ് കമ്മിഷണർ സുമിത്കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്‌തത്. വൈകിട്ട് രണ്ടു മണിക്കൂർ എൻ.ഐ.എ എ.എസ്.പി ഷൗക്കത്തലിയും ചോദ്യം ചെയ്‌തു. ഇതുവരെ കസ്‌റ്റംസിന് ലഭിച്ച വിവരങ്ങൾ കൊച്ചി കസ്റ്റംസ് ആസ്ഥാനത്തു നിന്ന് എൻ.ഐ.എ ശേഖരിച്ചു.
സ്വർണക്കടത്തിലൂടെ ലഭിക്കുന്ന തുക ഫാസിൽ ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗങ്ങൾ എൻ.ഐ.എ അറിയിച്ചിരുന്നു. ഇതോടെയാണ് യു.എ.പി.എ ചുമത്തി കേസെടുത്തത്. നയതന്ത്ര ബാഗേജിൽ സ്വർണമയച്ചത് ഫാസിലാണ്.
ഈ സംഘം കൊച്ചി തുറമുഖം വഴിയും സ്വർണം കടത്തിയെന്ന വിവരത്തെ തുടർന്നുള്ള ചോദ്യത്തിന് അറിയില്ലെന്നായിരുന്നു സരിത്തിന്റെ മറുപടി. അന്വേഷണ ഏജൻസികളുടെ പക്കൽ ഫാസിലിന്റെ ഫോട്ടോയില്ല. എന്നാൽ, വാട്സ് ആപ്പിലുണ്ടായിരുന്നു. ഇത് ഡിലീറ്റ് ചെയ്‌തതായി സരിത്ത് പറഞ്ഞു. ഇയാൾ പിടിയിലാകും മുമ്പ് മൊബൈൽ ഫോണിലെ കാൾ ഡീറ്റെയിലും വാട്സ് ആപ്പിലെ സന്ദേശങ്ങളും നശിപ്പിച്ചിരുന്നു. വാട്സ് ആപ്പ് സന്ദേശങ്ങൾ സൈബർ ഫോറൻസിക്കിന്റെ സഹായത്തോടെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കസ്‌റ്റംസ്.
അതിനിടെ, സ്വപ്‌നയെയും സന്ദീപിനെയും കണ്ടെത്താൻ ഡിവൈ.എസ്.പി രാധാകൃഷ്‌ണപിള്ളയുടെ നേതൃത്വത്തിൽ എൻ.ഐ.എ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇരുവരും ഇന്നലെ രാത്രി അറസ്റ്റിലാവുകയും ചെയ്തു.
വ്യാജ സർട്ടിഫിക്കറ്റ്
അന്വേഷിക്കാൻ പരാതി
സ്വപ്‌ന വ്യാജ ബിരുദ സർട്ടിഫിക്കറ്റിലൂടെ ജോലി നേടിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ രാജേഷ് വിജയൻ എറണാകുളം സെൻട്രൽ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്‌തിട്ടില്ല.