ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച കൊവിഡ് പ്രതിരോധ നടപടികളാണ് ഇതിന് കാരണമായതെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം എട്ട് ലക്ഷം കടന്നിരുന്നു. 22,123 പേർ മരണപ്പെടുകയും ചെയ്തു.
നിരീക്ഷണ പ്രവർത്തനങ്ങൾ, സമയബന്ധിതമായ രോഗനിർണയം, ക്ലിനിക്കൽ മാനേജ്മെന്റ്, എന്നിവയിലൂടെ 5,15,385 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് രോഗം ഭേദമായത്. ഇതോടെ രോഗമുക്തി നേടുന്നവരുടെ ശതമാനം 62.78 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുളളിൽ 19,870 പേരാണ് രോഗം ഭേദമായി ആശുപത്രിവിട്ടതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിലവിൽ 2,83,407 ആക്ടീവ് കൊവിഡ് കേസുകളാണുളളത്.
ആർ.ടി -പി.സി.ആർ പരിശോധനകൾക്കൊപ്പം റാപ്പിഡ് ആന്റീജൻ ടെസ്റ്റ് ഉൾപ്പെടുത്തിയതോടു കൂടി രാജ്യത്ത് കൊവിഡ് ടെസ്റ്റുകൾ ഗണ്യമായി വർദ്ധിപ്പിച്ചുവെന്നും മന്ത്രാലയം അറിയിച്ചു.ഐ.സി.എം.ആറിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഇതുവരെ 1,13,07,002 കൊവിഡ് സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 2,82,511 സാമ്പിളുകളാണ് പരിശോധിച്ചത്.