തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ കസ്റ്റംസ് അന്വേഷണം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിലേക്കെത്തി. സെക്രട്ടേറിയറ്റിനു സമീപത്തെ അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ ഇന്നലെ കസ്റ്റംസ് പരിശോധന നടത്തി കാമറാ ദൃശ്യങ്ങളും സി.സി ടിവി കാമറാ ഹാർഡ് ഡിസ്കുകളും സന്ദർശക രജിസ്റ്ററും പിടിച്ചെടുത്തു. സ്വപ്നയുമായി അടുത്ത ബന്ധമുള്ള ശിവശങ്കറിനെ കസ്റ്റംസ് ഉടൻ ചോദ്യംചെയ്യുമെന്നാണ് വിവരം.
സെക്രട്ടേറിയറ്റ് കന്റോൺമെന്റ് ഗേറ്റിന് സമീപം നബാർഡിന് എതിർവശത്തുള്ള ഹെദർ ടവറിലെ എഫ് 6 എന്ന സിംഗിൾ ബെഡ് റൂം ഫ്ളാറ്റാണ് ശിവശങ്കർ ഉപയോഗിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ രണ്ടു കാറുകളിലായി ഫ്ളാറ്റിൽ എത്തിയത്. സന്ദർശക രജിസ്റ്ററും കാമറ ദൃശ്യങ്ങളും ശേഖരിച്ചു. സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെയാണ് ദൃശ്യങ്ങൾ ശേഖരിച്ചത്. ശനിയാഴ്ച രാവിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ വീണ്ടുമെത്തി ഫ്ളാറ്റിലെ കെയർടേക്കറെ മൊഴിയെടുക്കുന്നതിനായി കൊണ്ടുപോയി. സെക്രട്ടേറിയറ്റിന് പിൻവശത്തെ ജി.എസ്.ടി കമ്മിഷണറുടെ കാര്യാലയത്തിൽ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ കൂടുതൽ വ്യക്തയ്ക്കുവേണ്ടിയാണ് വീണ്ടും മൊഴിയെടുത്തത്.
ജൂലായ് ആറിന് വൈകിട്ടാണ് ശിവശങ്കർ അവസാനമായി ഫ്ളാറ്റിൽ എത്തിയതെന്ന് സുരക്ഷാ ജീവനക്കാരൻ പ്രഭാകരൻ പറഞ്ഞു. രാത്രി ഏറെ വൈകിയാണ് ശിവശങ്കർ ഫ്ളാറ്റിൽ എത്തിയിരുന്നത്. രാവിലെ പോകുകയും ചെയ്യും. സ്വപ്ന ഉൾപ്പെടെ സ്വർണക്കടത്തിലെ പ്രതികളെ അദ്ദേഹത്തിനൊപ്പം കണ്ടിട്ടില്ലെന്നും പ്രഭാകരൻ പറഞ്ഞു. സ്വകാര്യ സുരക്ഷാ ഏജൻസിയുടെ ജീവനക്കാരനായ പ്രഭാകരൻ സ്ഥിരമായി ഫ്ളാറ്റിൽ ജോലി ചെയ്യാറില്ല. അടുത്തിടെയാണ് ഇവിടെ എത്തിയത്.
ഫ്ളാറ്റിന്റെ ചില്ല് തകർത്തു
കസ്റ്റംസ് പരിശോധന നടത്തിയതിന് പിന്നാലെ യുവമോർച്ചാ പ്രവർത്തകർ ഫ്ളാറ്റിലേക്ക് പ്രകടനം നടത്തി. കെട്ടിട സമുച്ചയത്തിന്റെ മുൻവശത്തെ ചില്ലുകൾ അടിച്ചുപൊട്ടിച്ചു. കരി ഓയിൽ ഒഴിച്ചു. ലോക്ക് ഡൗൺ ലംഘിച്ചെത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഫ്ളാറ്റ് സ്വകാര്യ ആവശ്യത്തിന്
ശിവശങ്കർ ഫ്ളാറ്റെടുത്തത് സ്വകാര്യ ആവശ്യത്തിനു വേണ്ടിയെന്ന് സൂചന. ശിവശങ്കർ നേരിട്ടാണ് വാടക കൊടുത്തിരുന്നത്. കഴിഞ്ഞ മാർച്ചിലാണ് അദ്ദേഹം താമസത്തിനെത്തിയത്. 17,500 രൂപയായിരുന്നു വാടക. ഔദ്യോഗിക ആവശ്യങ്ങൾക്ക് രാത്രി വൈകിയും സെക്രട്ടേറിയറ്റിൽ തുടരേണ്ടിവരുമ്പോൾ താമസിക്കാൻ വേണ്ടിയാണ് ഫ്ളാറ്റെന്നാണ് കെട്ടിട ഉടമകളോട് പറഞ്ഞത്.
ഫ്ലാറ്റ് വിവാദ കെട്ടിടത്തിൽ
ഈ കെട്ടിടത്തിലെ ഒരു നില റീ-ബിൽഡ് കേരളയ്ക്കായി വാടകയ്ക്കെടുത്തത് വിവാദമായിരുന്നു. 85 ലക്ഷം ചെലവിട്ടാണ് ഓഫീസ് മോടിപിടിപ്പിച്ചത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സർക്കാർ നൽകിയ സ്ഥലത്ത് റിയൽഎസ്റ്റേറ്റ് കമ്പനിയുമായി ചേർന്ന് ഫ്ലാറ്റ് സമുച്ചയം പണിതെന്ന പരാതിയിൽ കെട്ടിടം ഉടമകൾക്കെതിരെ വിജിലൻസിൽ പരാതിയുണ്ടായിരുന്നു. ഇതിനു സമീപത്തായാണ് സ്വപ്‌ന ലെയ്സൺ ഓഫീസറായി ജോലിചെയ്തിരുന്ന ഐ.ടി വകുപ്പിന്റെ സ്ഥാപനം.