പണ്ട് കാലം മുതൽ മനുഷ്യനെ അതിശയിപ്പിക്കുന്ന ഒരു ജീവിയാണ് തേൾ. പണ്ട് ഈജിപ്‌റ്റ് അടക്കമുള്ള രാജ്യങ്ങളിലുള്ളവർ തേളുകളെ ആരാധിച്ചിരുന്നവർ പോലുമുണ്ട്. അതേ സമയം, ഇവയുടെ മാരക വിഷം മനുഷ്യരെ ഭയപ്പെടുത്തിയിരുന്നു. ചരിത്രാതീതകാലം മുതൽ ഇപ്പോഴും തേളും അതിന്റെ വിഷവും മനുഷ്യർക്കിടയിൽ ചർച്ചാ വിഷയമാണ്. തേളിന്റെ പ്രധാന പ്രത്യേകത എന്തെന്നാൽ ഭൂമിയിലെ ഏറ്റവും വില കൂടിയ ദ്രാവകം തേളിന്റെ വിഷമാണ് എന്നതാണ്. 'വിലമതിക്കാനാകാത്ത' ഈ വിഷത്തിന്റെ വില ഒരു ഗാലണിന് 39 മില്യൺ ഡോളറാണ്. 130 ഡോളറിന് എത്രത്തോളം വിഷം ലഭിക്കുമെന്നറിയുമോ? ഒരു പഞ്ചസാര തരിയെക്കാളും തീരെ ചെറിയ തുള്ളി !
തേൾ വിഷം ഇത്രമാത്രം വിലപിടിപ്പുള്ളതാകാൻ എന്താണ് കാരണം? ഇതിന് ശാസ്ത്രത്തിന് മുന്നിൽ നിരവധി കാരണങ്ങൾ ഉണ്ട്. പ്രധാനമായും ചികിത്സാ രംഗത്ത് തേൾ വിഷം പല രീതിയിലും പ്രയോജനപ്പെടുത്താമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, അങ്ങനെ എളുപ്പമൊന്നും കിട്ടുന്ന ഒന്നല്ല തേൾ വിഷം. വെറും ഒരു തുള്ളി വിഷം മാത്രമാണ് ഒരു തേളിൽ നിന്നും ലഭിക്കുന്നത്. തേളിന്റെ വാലറ്റത്തെ സഞ്ചിയിലാണ് വിഷം ശേഖരിച്ചു വയ്‌ക്കുന്നത്.
കാൻസർ രോഗ നിർണയത്തിനും ട്യൂമറുകളെ ചെറുക്കാനും സഹായിക്കുന്ന പ്രോട്ടീനുകൾ
തേൾ വിഷത്തിൽ അടങ്ങിയിരിക്കുന്നുവെന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. തേൾ വിഷത്തിലെ ക്ലോറോടോക്‌സിൻ എന്ന ഘടകത്തിന് തലയേയും നട്ടെല്ലിനേയും ബാധിക്കുന്ന ചില കാൻസർ സെല്ലുകളെ കണ്ടെത്താൻ കഴിയും. ട്യൂമറുകളുടെ സ്ഥാനവും വലിപ്പവും നിർണയിക്കാനും ഇവയ്ക്ക് സാധിക്കും.
മലേറിയ തുരത്തുന്നതിനും തേൾ വിഷത്തിൽ അടങ്ങിയിരിക്കുന്ന രാസവസ്‌തുക്കൾ ഉപയോഗിക്കുന്നു. ലൂപ്പസ്, ആർത്രൈറ്റിസ് തുടങ്ങിയ നിരവധി രോഗങ്ങളുടെ ചികിത്സയ്‌ക്കും തേളിന്റെ വിഷം പരീക്ഷിക്കുന്നുണ്ട്. ആരോഗ്യവാനായ ഒരു മനുഷ്യനെ കൊല്ലാൻ കഴിവുള്ളത്ര മാരക വിഷമുള്ള ഡെത്ത് സ്റ്റോക്കർ ഇനത്തിലുള്ള തേളുകളിൽ നിന്നാണ് ഇത്തരം വിഷം കൂടുതലും ശേഖരിക്കുന്നത്. ലോകത്തിലെ ഏറ്റവും അപകടകാരികളായ തേളുകളിൽ ഒന്നാണ് ഡെത്ത് സ്റ്റോക്കർ.