@ഇരുവരും കുടുങ്ങിയത് ബംഗളൂരുവിൽ
തിരുവനന്തപുരം/കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിക്കുകയും രാജ്യസുരക്ഷയെ ബാധിക്കുന്ന ഭീകര ബന്ധമുള്ളതിനാൽ യു.എ.പി.എ ചുമത്തുകയും ചെയ്ത നയതന്ത്ര ചാനൽ സ്വർണക്കടത്തു കേസിൽ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ബംഗളൂരുവിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പിടികൂടി. ഏഴ് ദിവസമായി ഇരുവരും ഒളിവിലായിരുന്നു. കേസ് ഏറ്റെടുത്ത് 24 മണിക്കൂർ തികയും മുൻപാണ് ഈ നേട്ടം.
ഭർത്താവിനും മക്കൾക്കും ഒപ്പം ബംഗളൂരുവിൽ ഒളിവിലായിരുന്ന സ്വപ്നയെ ബംഗളൂരു ബി.ടി.എം ലേഔട്ടിൽ സുധീന്ദ്രറായി എന്നയാളുടെ ഫ്ലാറ്റിൽ നിന്ന് ഇന്നലെ സന്ധ്യയ്ക്ക് ഏഴ് മണിയോടെയാണ് കസ്റ്റഡിയിൽ എടുത്തത്. എൻ.ഐ. എ ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥർ ബംഗളുരു പൊലീസിലെ രണ്ട് വനിതാ കോൺസ്റ്റബിൾമാരുടെ സഹായത്തോടെയാണ് സ്വപ്നയെ പിടികൂടിയത്. കൊച്ചി എൻ.ഐ.എ യൂണിറ്റിലെ ഉദ്യോഗസ്ഥൻ ബംഗളൂരുവിലെത്തി സ്വപ്നയെ രാത്രിയിൽ ചോദ്യം ചെയ്തു.
പിന്നാലെ സന്ദീപിനെയും പിടികൂടി. ഇരുവരും ഒരുമിച്ചല്ലായിരുന്നെന്നാണ് സൂചന. ഇവരെ ബംഗളൂരുമജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ ശേഷം ഇന്ന് എൻ.ഐ.എ കൊച്ചി യൂണിറ്റിൽ എത്തിച്ച് ചോദ്യം ചെയ്യും. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരാക്കും. യു.എ.പി.എ കേസ് പ്രതികളായതിനാൽ ഇരുവർക്കും സി.ആർ.പി.എഫ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
കേസിൽ സ്വപ്ന രണ്ടാം പ്രതിയും സന്ദീപ് നാലാം പ്രതിയുമാണ്. ഒന്നാം പ്രതി സരിത്തിനെ കസ്റ്റംസ് നേരത്തേ പിടികൂടിയിരുന്നു. മൂന്നാം പ്രതിയും ഭീകരബന്ധത്തിന്റെ കണ്ണിയുമായ ഫരീദിനെ പിടികിട്ടാനുണ്ട്. സ്വർണം നയതന്ത്ര ബാഗേജുവഴി അയച്ച ഇയാൾ ദുബായിലാണെന്നാണ് സൂചന. സ്വപ്നയ്ക്കൊപ്പം ഇയാളെ ദുബായിൽ കണ്ടിരുന്നെന്ന് സരിത്ത് ഇന്നലെ കസ്റ്റംസിനോട് വെളിപ്പെടുത്തി.
മുൻ ഐ.ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം. ശിവശങ്കറിനെ കസ്റ്റംസ് ഉടൻ ചോദ്യം ചെയ്യുമെന്നറിയുന്നു. സെക്രട്ടേറിയറ്റിനു സമീപത്തെ അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ ഇന്നലെ കസ്റ്റംസ് പരിശോധന നടത്തി കാമറാ ദൃശ്യങ്ങൾ പിടിച്ചെടുത്തു. സ്വർണക്കടത്ത് കേസ് എൻ.ഐ.എ ഏറ്റെടുത്തതിന് പിന്നാലെയാണ് സ്വപ്ന കൊച്ചിയിൽ നിന്ന് മുങ്ങിയത്. ഭർത്താവിനും മക്കൾക്കും ഒപ്പമാണെന്ന് മനസിലാക്കിയ എൻ.ഐ.എ മകളുടെ ഫോണിൽ നിന്നുള്ള ചില വിളികൾ പിന്തുടർന്നാണ് ഇവരെ കുടുക്കിയത്.
സ്വർണക്കടത്ത് സംഘവുമായി ബന്ധമുള്ള പ്രമുഖന്റെ നാഗർകോവിലിലെ വസതിയിലും ഗസ്റ്റ്ഹൗസിലും ചില ഹോട്ടലുകളിലും ഇവർക്കായി പരിശോധന നടത്തിയിരുന്നു. സ്വപ്നയും സന്ദീപും കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരത്തു നിന്ന് പാലോട്, കുളത്തൂപ്പുഴ വഴി തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് കസ്റ്റംസിന് വിവരം കിട്ടിയത്. അവിടെനിന്ന് കൊച്ചിയിലെത്തി. അഭിഭാഷകന്റെ നിർദ്ദേശപ്രകാരമാണ് ബംഗളുരുവിലേക്ക് പോയത്. സംസ്ഥാന അതിർത്തിയും നിരവധി കണ്ടെയ്ൻമെന്റ് സോണുകളും കടന്ന് ബംഗളൂരുവിൽ എത്താൻ ഉന്നതരുടെ സഹായം ലഭിച്ചെന്നാണ് സൂചന.
കുടുക്കിയത് ഫോൺ വിളികൾ
ഇരുവരെയും കുടുക്കിയത് ഫോൺവിളികളാണ്. സ്വപ്ന മകളുടെ ഫോണിൽ പുതിയ സിം കാർഡിട്ട് അഭിഭാഷകനെയും ബംഗളുരുവിൽ സഹായത്തിന് ചിലരെയും വിളിച്ചെന്നും ഈ വിളികൾ പിന്തുടർന്നാണ് പിടികൂടിയതെന്നുമാണ് സൂചന. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിന് മകളുടെ ഫോൺ ഓൺ ആയി. രണ്ടു മിനിറ്റിൽ താഴെയാണ് ഫോൺ ഓണായത്. കൃത്യമായ ലൊക്കേഷൻ എൻ.ഐ.എയുടെ സൈബർ ഫോറൻസിക് വിഭാഗം കണ്ടെത്തി. കൊച്ചി യൂണിറ്റ് എൻ.ഐ.എ ബംഗളുരു യൂണിറ്റിന് വിവരം കൈമാറി. അവരാണ് ബംഗളുരു നഗരത്തിലെ ഹോട്ടൽ കണ്ടെത്തി ഇവരെ പിടികൂടിയത്.
സന്ദീപിന്റെ വിളിയും വന്നു
സന്ദീപിന്റെ നെടുമങ്ങാട്ടെ വീട്ടിൽ ഇന്നലെ കസ്റ്രംസ് റെയ്ഡിനിടെ അനിയന്റെ ഫോണിലേക്ക് സന്ദീപിന്റെ വിളിവന്നിരുന്നു. കസ്റ്റംസ് ഫോൺ പിടിച്ചു വാങ്ങി പരിശോധിക്കുകയും വിവരം എൻ. ഐ. എയെ അറിയിക്കുകയും ചെയ്തു. അതും പ്രതിയെ പിടിക്കാൻ സഹായിച്ചു.
റെയ്ഡിൽ വീടിനു പുറകിലെ ആറിനു സമീപത്തു നിന്ന് ബാഗുകളും വലിയ പെട്ടികളു ഓവനുകളും കണ്ടെത്തി. വീടിന് മുന്നിൽ കിടന്ന കാറിലാണ് സ്വർണം കടത്തിയതെന്നാണ് കസ്റ്റംസ് പറയുന്നത്. സ്വർണം പൊതിയാനുള്ളതെന്ന് കരുതുന്ന കറുത്ത പ്ലാസ്റ്റിക് കവറുകൾ കെട്ടുകളായി സൂക്ഷിച്ചിരുന്നു. ഇവയെല്ലാം കസ്റ്റഡിയിലെടുക്കും. സന്ദീപിനെത്തേടി എൻ.ഐ.എ സംഘവും എത്തിയിരുന്നു.