pic

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നിർണായക തെളിവായ സി.സി.ടി.വി ദൃശ്യങ്ങൾ കസ്റ്റംസിന് കൈമാറി. തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് കസ്റ്റംസിന് കൈമാറിയത്. കോംപ്ലക്സിൽ സ്ഥാപിച്ചിരിക്കുന്ന 23 സി.സി.ടി.വി ദൃശ്യങ്ങളാണ് കൈമാറിയിരിക്കുന്നത്. വ്യവസായ വകുപ്പിന് കീഴിലെ കെ.എസ്.ഐ.ഇക്കാണ് കാർഗോ കോംപ്ലക്സിന്റെ നടത്തിപ്പ് ചുമതലയുളളത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും ലഭിക്കുമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.


വിമാനത്താവളത്തിൽ നിന്ന് പിടികൂടിയ സ്വർണ്ണം കൊണ്ടുവന്ന ബാഗിന് മുകളിൽ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഓഫീസിലെത്തിയ ദേശീയ അന്വേഷണ ഏജൻസി സംഘം ഇവിടെ നിന്നും മടങ്ങി. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ കസ്റ്റംസിൽ നിന്ന് ശേഖരിച്ച ശേഷമാണ് എൻ.ഐ.എ സംഘം മടങ്ങിയത്. ഒന്നാം പ്രതി സരിത്തിന്റെ മൊഴികളും എൻ.ഐ.എ പരിശോധിച്ചു. അഞ്ച് മണിക്കൂറോളം കസ്റ്റംസ് ഓഫീസിൽ ചിലവഴിച്ചതിന് ശേഷമാണ് എൻ.ഐ.എ സംഘം മടങ്ങി പോയത്.

അതേസമയം സ്വപ്ന സുരേഷും സന്ദീപ് നായരും ബെംഗളുരവിൽ നിന്നും രാത്രിയോടെ എൻ.ഐ.എ സംഘത്തിന്റെ പിടിയിലായിട്ടുണ്ട്.