swapna

ബംഗളുരു: ആറ് ദിവസമായി സകലരുടെയും കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്ന സ്വപ്നയെ കുടുക്കിയത് ഒരു മൊബൈൽ ഫോൺ. ഭർത്താവിനും മക്കൾക്കുമൊപ്പം ബംഗളുരു കോറമംഗലയിലുള്ള ഹോട്ടലിൽ കഴിയുകയായിരുന്ന സ്വപ്നയുടെ മകളുടെ ഫോൺ ഇന്ന് ഉച്ചസമയത്ത് ഓണായതാണ് ഇവർക്കു വിനയായി മാറിയത്. സന്ദീപിനെയും ഹോട്ടലിൽ നിന്നുതന്നെയാണ് പിടികൂടിയതെന്നാണ് വിവരം.

ഫോൺ ഓണായതോടെ എൻ.ഐ.എയുടെ ബംഗളുരു യൂണിറ്റ് സിഗ്നൽ പിന്തുടർന്ന് ഇവർ താമസിക്കുന്ന സ്ഥലം ഏതെന്ന് മനസിലാക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ ഇന്ന് ഏഴു മണിയോടെ സ്വപ്നയെ എൻ.ഐ.എ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് സ്വപ്നയ്ക്കൊപ്പം സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സന്ദീപും ഏജൻസിയുടെ പിടിയിലാകുകയായിരുന്നു.

ഇരുവരെയും അറസ്റ്റ് ചെയ്ത വിവരം എൻ.ഐ.എ കസ്റ്റംസിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയാണ് സ്വപ്ന സുരേഷ്. സ്വപ്‌ന നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സ്വപ്നക്ക് അനുകൂലമായ വിധി വന്നാൽപോലും എൻ.ഐ.എ ചുമത്തിയ യു.എ.പി.എ വകുപ്പുകൾ നിലനിൽക്കുന്നത് കാരണം ഏത് നിമിഷവും അറസ്റ്റിലായേക്കാം എന്ന സാഹചര്യം നിലവിലുണ്ടായിരുന്നു.

സ്വപ്നയും സന്ദീപുമായി നാളെ എൻ.ഐ.എ ഉദ്യോഗസ്ഥർ ബംഗളുരുവിൽ നിന്നും തിരിക്കും. സ്വർണക്കടത്തിലെ മറ്റൊരു പ്രതിയായ സരിത്ത് നേരത്തെ തന്നെ പിടിയിലായിരുന്നു. ഇയാളെ എൻ.ഐ.എ ചോദ്യം ചെയ്ത് വരികയുമായിരുന്നു. പ്രതികളുടെ ഫോൺ വിളികൾ മൂലമാണ് ദേശീയ അന്വേഷണ ഏജൻസിക്ക് ഇവരെ വേഗത്തിൽ പിടികൂടാൻ സാധിച്ചത്. ഫോൺ വിളികൾ കേന്ദ്രീകരിച്ചായിരുന്നു എൻ.ഐ.എയുടെ അന്വേഷണം.