ലണ്ടൻ : ഇൗ സീസൺ പ്രമിയർ ലീഗിലെ എല്ലാ ഹോംമാച്ചുകളിലും വിജയിക്കാമെന്ന ചാമ്പ്യൻ ടീം ലിവർപൂളിന്റെ മോഹത്തിന് സമനിലയുടെ വിലക്കിട്ട് ബേൺലി. ഇന്നലെ ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ 1-1നാണ് ബേൺലി സമനില കണ്ടെത്തിയത്.
ആദ്യ പകുതിയിൽ ആൻഡി റോബർട്ട്സണിന്റെ ഗോളിന് മുന്നിട്ട് നിന്നിരുന്ന ലിവർപൂളിനെ രണ്ടാം പകുതിയിലാണ് ബേൺലി കുരുക്കിയത്. 34-ാം മിനിട്ടിലാണ് റോബർട്ട്സൺ ഗോൾ നേടിയിരുന്നത്.69-ാം മിനിട്ടിലായിരുന്നു ജേയ് റോഡ്രിഗസിന്റെ സമനില ഗോൾ.
ഇൗ സീസണിൽ ഇതുവരെയുള്ള എല്ലാ ഹോം മാച്ചുകളിലും ജയിച്ചിരുന്ന ലിവർപൂളിന് 35 മത്സരങ്ങളിൽ നിന്ന് 93 പോയിന്റായി. മൂന്ന് മത്സരങ്ങളാണ് ലീഗിൽ ശേഷിക്കുന്നത്. 100 പോയിന്റ് നേടണമെങ്കിൽ കുറഞ്ഞത് രണ്ട് മത്സരങ്ങൾ എങ്കിലും ജയിക്കുകയും ഒന്നിലും തോൽക്കാതിരിക്കുകയും വേണം.