തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ എൻ.ഐ.എയുടെ പിടിയിലായ സ്വപ്ന സുരേഷും സന്ദീപ് നായരും കേരളം വിട്ടതെങ്ങനെയെന്ന ചോദ്യമാണിപ്പോൾ ഉയർന്ന് വരുന്നത്. കൊവിഡ് വ്യാപനം മൂലം ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്ന തിരുവനന്തപുരം നഗരത്തിൽ നിന്നാണ് പ്രതികൾ കടുത്ത നിയന്ത്രണമുള്ള ബെംഗളൂരുവിലേക്ക് എത്തിയത്. കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ച് വരുന്ന സാഹചര്യത്തിൽ ദിവസങ്ങൾക്ക് മുമ്പെ തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.
സ്വർണ്ണക്കടത്ത് കേസ് വിവാദമായതിന് പിന്നാലെയാണ് സ്വപ്നയും സന്ദീപും ഒളിവിൽ പോയത്. സംസ്ഥാനം വിടാൻ ഇവർക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യവും ഉയർന്ന് വരികയാണ്. എന്നാൽ കേരളത്തിലേക്ക് വരാൻ മാത്രമാണ് പാസ് നിർബന്ധമെന്നും, കേരളം വിട്ട് പോകാൻ പോകേണ്ട സംസ്ഥാനത്തെ പാസ് മാത്രം മതിയെന്ന കാര്യവും ശ്രദ്ധേയാണ്. ഇത്തരത്തിൽ പാസ് നിർബന്ധമാക്കിയ സംസ്ഥാനമാണ് കർണ്ണാടക. മൂവായിരത്തിലേറെ ക്വാറന്റൈൻ കേന്ദ്രങ്ങളുളള ബെംഗളൂരു നഗരത്തിലേക്കാണ് പ്രതികൾ കടന്നത്. കൊറമംഗലയിലെ സുധീന്ദ്ര റായ് എന്നയാളുടെ പേരിലുള്ള ഫ്‌ളാറ്റിൽ ഒളിവിൽ കഴിയുകയായിരുന്നു ഇരുവരും. കേരളത്തിൽ നിന്നുള്ള എൻ.ഐ.എ ഉദ്യോഗസ്ഥർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹൈദരാബാദിൽ നിന്നുള്ള എൻ.ഐ.എ ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്. കർണാടക പൊലീസിനെ അറിയിക്കാതെയായിരുന്നു എൻ.ഐ.എയുടെ നടപടി. അവസാന ഘട്ടത്തിൽ രണ്ടു കോൺസ്റ്റബിൾമാരുടെ സഹായം മാത്രമാണ് തേടിയത്.
പ്രതികൾ പാലോട് നിന്നു കുളത്തൂപ്പുഴ വഴി തമിഴ്നാട്ടിലേക്ക് കടന്നെന്ന അഭ്യൂഹത്തെ തുടർന്ന് കുറ്റാലത്ത് കഴിഞ്ഞ ദിവസം കസ്റ്റംസ് തിരച്ചിൽ നടത്തിയിരുന്നു. 2014 ൽ സ്വർണക്കടത്ത് കേസിൽ പിടിയിലായ സന്ദീപ് പൂജപ്പുരയിൽ താമസിച്ചിരുന്നപ്പോൾ അന്വേഷണ സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ട വ്യക്തിയാണ്.