pic

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരെയും പിടികൂടാൻ എൻ.ഐ.എ സംഘത്തിന് സഹായമായത് സ്വപ്നയുടെ മകൾ ഉപയോഗിച്ചിരുന്ന ഫോൺ. ഫോൺ ഉൾപ്പെടെ പിടിക്കപ്പെടാൻ സാദ്ധ്യതയുളള ഒന്നും തന്നെ കെെയിൽ കരുതാതെ വളരെ ബുദ്ധിപരമായാണ് സ്വപ്നയും സംഘവും കേരളത്തിൽ നിന്നും കർണ്ണാടകയിലക്ക് കടന്നത്. സ്വപ്നയ്ക്ക‌ൊപ്പം ഭർത്താവും മകളും യാത്ര ചെയ്തിരുന്നു. എന്നാൽ സ്വപ്നയുടെ മകളുടെ കെെയിലുളള ഫോൺ ഓൺ ചെയ്തതോടെ അതിൽ നിന്നും ലഭിച്ച വിവരം എൻ.ഐ.എ ബെംഗളൂരിലേക്ക് കെെമാറുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഇവർ താമസിക്കുന്ന ഹോട്ടലിന്റെ വിവരങ്ങൾ ഉൾപ്പെടെ എൻ.ഐ.എയ്ക്ക് ലഭിച്ചിരുന്നു. തുടർന്ന് ഹോട്ടലിലെത്തിയ എൻ.ഐ.എ സംഘം ഇവർതന്നെയാണ് ഹോട്ടലിൽ താമസിക്കുന്നതെന്ന് ഉറപ്പ് വരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.


മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്ന സ്വപ്നയുടെ ശബ്‌ദ സന്ദേശം എൻ.ഐ.എ സംഘത്തിന് ഇവരെ പിടികൂടാൻ സാഹായകമായെന്നും സൂചനയുണ്ട്. സന്ദേശങ്ങൾ പല ഫോണുകൾ കെെമാറിയാണ് മാദ്ധ്യമ പ്രവർത്തകർക്ക് ലഭിച്ചതെങ്കിലും അത് അയച്ച ഫോണിന്റെ ഐ.പി വിലാസം തിരിച്ചറിഞ്ഞ് കഴിഞ്ഞ വെളളിയാഴ്ച മുതൽ എൻ.ഐ.എ ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. ഇതിൽ നിന്നും വന്നതും പോയതുമായ കോളുകൾ എൻ.ഐ.എ സംഘം പരിശോധനയ്ക്ക് വിധേയമാക്കി.

അതേസമയം ബെംഗളൂരുവിൽ നിന്നു പുറപ്പെടുന്ന എൻ.ഐ.എ സംഘം പ്രതികളെ ഞായറാഴ്ച രാവിലെയോടെ കൊച്ചിയിൽ എത്തിക്കുമെന്നാണ് അറിയുന്നത്. നടപടിക്രമങ്ങൾ വൈകിയാൽ സുരക്ഷാ വിഷയം മുൻനിറുത്തി യാത്ര മാറ്റിവയ്ക്കാനും സാദ്ധ്യതയുണ്ട്. അങ്ങനയെങ്കിൽ ഞായറാഴ്ച ബാംഗ്ലൂർ എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയ ശേഷമായിരിക്കും ഇവരെ കൊച്ചിയിലേയ്ക്ക് കൊണ്ടുവരിക. രാജ്യ സുരക്ഷയെ ബാധിക്കുന്ന കേസായതിനാൽ തന്നെ വലിയ രീതിയിലുളള സുരക്ഷയാണ് പ്രതികൾക്ക് ഒരിക്കിയിരിക്കുന്നത്. കൊവിഡ് മൂലം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ കേളരം വിടുന്നതിന് ഇവരെ ആരെങ്കിലും സാഹായിച്ചിട്ടുണ്ടൊയെന്നും എൻ.ഐ.എ സംഘം അന്വേഷിക്കും