തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയേയും സന്ദീപിനെയും ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തിക്കും.ബാംഗളൂരുവിൽ നിന്ന് ഇവരെയും കൊണ്ട് അന്വേഷണ സംഘം പുറപ്പെട്ടു. ഇന്നലെ ബാംഗളൂരുവിലെ ഹോട്ടലിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. എൻ.ഐ. എ ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥർ ബംഗളുരു പൊലീസിലെ രണ്ട് വനിതാ കോൺസ്റ്റബിൾമാരുടെ സഹായത്തോടെയാണ് സ്വപ്നയെ പിടികൂടിയത്.കൊച്ചി എൻ.ഐ.എ യൂണിറ്റിലെ ഉദ്യോഗസ്ഥൻ ബംഗളൂരുവിലെത്തി സ്വപ്നയെ രാത്രിയിൽ ചോദ്യം ചെയ്തു.
ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.ഏഴ് ദിവസമായി സ്വപ്നയും സന്ദീപും ഒളിവിലായിരുന്നു. കേസിൽ സ്വപ്ന രണ്ടാം പ്രതിയും സന്ദീപ് നാലാം പ്രതിയുമാണ്. ഒന്നാം പ്രതി സരിത്തിനെ കസ്റ്റംസ് നേരത്തേ പിടികൂടിയിരുന്നു. മൂന്നാം പ്രതിയും ഭീകരബന്ധത്തിന്റെ കണ്ണിയുമായ ഫരീദിനെ പിടികിട്ടാനുണ്ട്. സ്വർണം നയതന്ത്ര ബാഗേജുവഴി അയച്ച ഇയാൾ ദുബായിലാണെന്നാണ് സൂചന. സ്വപ്നയ്ക്കൊപ്പം ഇയാളെ ദുബായിൽ കണ്ടിരുന്നെന്ന് സരിത്ത് ഇന്നലെ കസ്റ്റംസിനോട് വെളിപ്പെടുത്തി. അതേസമയം, സന്ദീപിന്റെ വീട്ടിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടിയെന്ന് കസ്റ്റംസ് അറിയിച്ചു. ഇന്നും പരിശോധന തുടരും.